ക്ലാരയുടെ 35 വർഷങ്ങൾ

തുവാനത്തുമ്പിയോടുള്ള അഭിനിവേശം ഉദകപ്പോള വായിച്ചപ്പോൾ തീർന്നിരുന്നു. ഒരു മഴയിൽ നിന്നും കടലിലേക്ക് എടുത്ത് എറിയപ്പെട്ട അവസ്ഥ. മനുഷ്യർ ഇങ്ങന്നെയൊക്കെയാണോ എന്ന സംശയം, ഇങ്ങന്നെയും ആണ് എന്ന തിരിച്ചറിവിൽ മരവിച്ച് പോകുന്ന അവസ്ഥ, അതായിരുന്നു ഉദകപ്പോള. തൂവാനത്തുമ്പികൾ ഇന്ന് ആഘോഷിക്കുന്ന പലരും ഉദകപ്പോള എന്ന നോവൽ സിനിമയായിരുന്നെങ്കിൽ എങ്ങന്നെ പ്രതികരിക്കുമായിരുന്നു എന്ന് അറിയില്ല. ജയകൃഷ്ണന്റെ മനസ്സെന്ന ഉദകപ്പോളയിൽ ഒരു മഴ തുള്ളിയായ് ക്ലാര എന്ന നാം കണ്ട നയന മനോഹരമായ പുറം കാഴ്ച്ചയാണ് തുവാനത്തുമ്പികളിൽ നമ്മൾ ആഘോഷിച്ചത്. പക്ഷെ അതാണോ ശരിക്കും തുവാനത്തുമ്പികൾ എന്ന സിനിമ? തുവാനത്തുമ്പികളിൽ തീരുമാനങ്ങൾ  എല്ലാം ക്ലാരയുടേത് ആയിരുന്നു, അവൾക്ക് അപ്പോൾ ശരിയാണെന്ന് തോന്നിയ തീരുമാനങ്ങൾ, ജയകൃഷ്ണൻ അവൾക്ക് ഒരു ഉദകപ്പോളയും.   മുറിപ്പാടിൽ ചങ്ങല തൊടുമ്പോഴുള്ള വേദനയിൽ അലറുന്ന ഭ്രാന്തൻ, ജയകൃഷ്ണന്റെ ഉളള് തന്നെയാണ്. ജയകൃഷ്ണൻ മടങ്ങിയത് കുടുംബ ജീവിതത്തിന്റെ സുഖശീതളഛായയിലേക്കാണ് എന്നത് ഒരു കേവല ബോധം മാത്രമല്ലേ, നമ്മളുടെ സൗകര്യത്തിനായി നമ്മൾ ബോധപൂർവ്വം സൃഷ്ടിച്ച പൊതുബോധം.

താൻ കെട്ടിയാടിയ വേഷങ്ങൾ ഓരോന്നായി ഇന്ന് ഉതിർന്ന് വീഴുമ്പോൾ അയാൾ തികച്ചും തനിച്ചാവും. ഓരോ മഴയോടൊപ്പം അയാൾ കരയുന്നുണ്ടാവും ക്ലാരയെ  ഓർത്ത് ആവില്ല, തന്നെ ഓർത്ത്.
ജയകൃഷ്ണൻ, അയാൾ എപ്പോഴാണ് അയാൾക്ക് വേണ്ടി ജീവിച്ചത് ?
ഇനി പറയൂ ആ ജയകൃഷ്ണൻ ആണോ നിങ്ങളുടെ നായകൻ? തീക്ഷ്ണമായ യൗവനത്തിൽ ചെയ്തു കൂട്ടിയ തൊക്കെ കുറ്റബോധങ്ങളായി തിരിഞ്ഞു കൊത്താൻ തുടങ്ങിയ ജീവിത സായാഹ്നത്തിൽ നഗരത്തിലെ ബാറിലെ എതെങ്കിലും ഇരുണ്ട ഒഴിഞ്ഞ കോണിൽ ആരാലും തിരിച്ചറിയാതെ അയാളുണ്ടാവും. എല്ലാവരാലും ഉപയോഗിക്കപ്പെട്ട് ഇപ്പോ ആർക്കും വേണ്ടാതെ, തന്റെ ഗ്രാമീണ നൈർമ്മല്യങ്ങൾ എല്ലാം കവർന്ന നഗരത്തിന്റെ ഏതോ കോണിൽ…  അതുകൊണ്ട് തന്നെ തൂവാനത്തു മ്പികളിലെ ക്ലാരയെ ഓരോ പെഗ്ഗിലും മഴയിലും പ്രണയിക്കുന്ന നിങ്ങളിൽ പലരും ചിലപ്പോൾ ഉദകപ്പോള വെറുക്കും, പത്മരാജന്റെ പല സൃഷ്ടികളും. അവ നിങ്ങൾക്ക് മുഖം മിനുക്കാനുള്ള കണ്ണാടികളല്ല, മറിച്ച് നിങ്ങളുടെ മനസ്സ് തന്നെയണ്, നിങ്ങൾ  അധികമൊന്നും കാണാൻ ആഗ്രഹിക്കാത്ത നിങ്ങളുടെ മനസ്സിന്റെ നെറികെട്ട ഉളളറകൾ.

ഉദകപ്പോള എന്ന പത്മരാജന്റെ നോവൽ വായിക്കാത്തവർക്ക്… തുവാനത്തുമ്പികൾ എന്ന സിനിമ ആ നോവലിലെ ഒരു വരിയാണ്. കഥാകൃത്ത് ബോധപൂർവ്വമോ അല്ലാതെയോ പൂർത്തിയാക്കാതെ പോയ ഒരു വരി.
ഒരുപാട് ചെയ്യാൻ ബാക്കി യുണ്ടായിരുന്ന ഒരു ചലച്ചിത്ര സംവിധായകനെ വാണിജ്യ സിനിമയുടെ ബാലൻസ് ഷീറ്റിൽ ഒതുക്കി ക്ലാരക്ക് വേണ്ടി മാത്രം കണ്ണീരൊഴുക്കുന്ന പ്രബുദ്ധർ നമ്മൾ… പ്രഹസനമേ നിന്റെ പേരോ ക്ലാര..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here