അമ്പാസിഡർ പോലെ പഴഞ്ചൻ കോൺഗ്രസ് , കുറെ പഴഞ്ചൻ ഡ്രൈവർമാരും – മുൻ നൃായാധിപൻ എസ് സുദീപിന്റെ പോസ്റ്റ്

അമ്പാസിഡർ പോലെ പഴഞ്ചൻ കോൺഗ്രസ് , കുറെ പഴഞ്ചൻ ഡ്രൈവർമാരും .കോൺഗ്രസിന്റെ അവസ്ഥ വിവരിച്ച് മുൻ നൃായാധിപൻ എസ് സുദീപിന്റെ പോസ്റ്റ്..
പോസ്റ്റ് ഇങ്ങനെ …

” അംബാസഡറിനെക്കുറിച്ചല്ല,
2024 -ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്.
മോദി പ്രധാനമന്ത്രിയായ 2014-ലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസഡർ കാറിന്റെ നിർമ്മാണം പൂർണ്ണമായി അവസാനിപ്പിച്ചത്.
അതിനുമെത്രയോ വർഷങ്ങൾക്കു മുമ്പു തന്നെ അംബാസഡർ നിരത്തിൽ നിന്നൊഴിയുകയും പുതുതലമുറ കാറുകൾ നിറയുകയും ചെയ്തിരുന്നു.
1990-ൽ ജനിച്ച ഒരാൾക്ക് 18 വയസാകുന്നത് 2008 -ലാണ്. അവർ കണ്ടതും വളർന്നതും അംബാസഡർ കണ്ടല്ല. അവർ ആരാധിച്ചതും അവരെ മോഹിപ്പിച്ചതും അംബാസഡർ കാറുകളല്ല. മറിച്ച് പുതുതലമുറ കാറുകളാണ്.
കാലത്തിനൊത്തു മാറാനോ സ്വയം നവീകരിക്കാനോ അംബാസഡറിനു കഴിഞ്ഞില്ല. പുതുതലമുറ വാഹനങ്ങൾക്ക് ഒരു എതിരാളിയായി അംബാസഡറിനെ അംബാസഡറോ അതിന്റെ കടുത്ത ആരാധകരായിരുന്ന പഴയ തലമുറയോ വിദൂര മോഹങ്ങളിൽ പോലും കരുതിയിട്ടുമില്ല.
1990 -ൽ ജനിച്ച ഒരാൾക്ക് 2024 ൽ 34 വയസാകും.
അന്ന് പഴയ അംബാസഡറിനെ അതേപടി ഹിന്ദുസ്ഥാൻ മോട്ടോഴ്സ് നിരത്തിലിറക്കിയാൽ പുതുതലമുറ തലയറഞ്ഞു ചിരിക്കും. അത്ര തന്നെ.
ജീവിതാന്ത്യത്തിലെത്തിയ നിങ്ങളാണോ ഗൃഹാതുരത്വത്തിന്റെ പേരു പറഞ്ഞ്, ചികിത്സക്കായി മാറ്റി വച്ച ലക്ഷങ്ങളുടെ സമ്പാദ്യം മുടക്കി ഇനിയാ അംബാസഡർ കാറുകൾ മുഴുവൻ വാങ്ങിക്കൂട്ടി ഹിന്ദുസ്ഥാൻ മോട്ടോഴ്സിനെ ലാഭത്തിലെത്തിക്കാൻ പോകുന്നത്?
ഹിന്ദുസ്ഥാൻ മോട്ടോഴ്സ് എന്നത് എ ഐ സി സി ആണ്.
ആ പഴഞ്ചൻ അംബാസഡർ കാർ നെഹ്റു കുടുംബമാണ്.
ഗൃഹാതുരത്വം മാത്രം ഉണ്ടുറങ്ങുന്ന ആ പഴഞ്ചൻ ഡ്രൈവർമാരാണ് ഗഹ്ലോട്ട് മുതൽ സുധാകരൻ വരെയുള്ള കടൽക്കിഴവന്മാരുടെ വൃദ്ധ നേതൃത്വം.
പാർട്ടിയുടെ അവസാനകാലത്തെ ശേഷിക്കുന്ന ഏതാനും ക്യാബിനറ്റ് പദവികളിൽ അഭിരമിക്കുന്ന, ശേഷിക്കുന്ന പഴഞ്ചൻ അബാസഡറിന്റെ നിലവിലെ ഡ്രൈവർമാരാണ് സതീശൻ മുതൽ പേർ. പഴഞ്ചൻ കാർ നാളെ വഴിയിൽ കിടക്കുന്നതു വരെയുള്ള ക്ഷണപ്രഭാചഞ്ചലമായ പദവിയിലും മാദ്ധ്യമശ്രദ്ധയിലും മാത്രമാണ് അവരുടെ ആവേശം.
ഇന്ത്യയിലെ പുതുതലമുറയ്ക്ക് അംബാസഡറും കോൺഗ്രസും ഇന്നത്തെ നെഹ്റു കുടുംബവും ഒരു പോലെയാണ്. അവർക്ക് അതിനോടൊന്നും ഗൃഹാതുരത്വമോ ആരാധനയോ ഇല്ലെന്നു മാത്രമല്ല ആ പഴഞ്ചൻ ഓട്ടക്കാലണകളെ അറിയുക പോലുമില്ല.
അച്ഛൻ ആനപ്പുറത്തിരുന്നാൽ ഇന്നത്തെ നെഹ്റു കുടുംബത്തിനു തഴമ്പുണ്ടാവില്ല. ആനപ്പുറത്ത് ഉറച്ചിരിക്കും മുമ്പേ അഴിമതിയാരോപണങ്ങളിൽ ഭരണം നഷ്ടപ്പെട്ട രാജീവിനും തഴമ്പുണ്ടായിട്ടില്ല.
ബോഫോഴ്സ് കാലത്തും കോമൺവെൽത്ത് ഗെയിംസ്, 2G സ്പെക്ട്രം അഴിമതിക്കാലത്തുമൊക്കെ ഇന്ത്യ നേരിട്ടും പിൻവാതിൽ വഴിയുമൊക്കെ ഭരിച്ച നെഹ്റു കുടുംബം ചൗക്കിദാർ ചോർ ഹെ എന്നു നിലവിളിച്ചപ്പോൾ ഇന്ത്യൻ ജനത പൊട്ടിച്ചിരിച്ചതു വെറുതെയല്ല.
ന്യൂനപക്ഷമായ സിഖുകാരെ ദൽഹിയിൽ കൊന്നൊടുക്കിയതിനു തണലൊരുക്കിയ, ബാബ്റി മസ്ജിദ് ശിലാന്യാസത്തിനായി തുറന്നു കൊടുത്ത കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രേമം കാണുമ്പോഴും ജനം ചിരിക്കുക തന്നെ ചെയ്യും.
സ്വന്തമായി ഒരു പ്രത്യയ ശാസ്ത്രമോ കരുത്തുറ്റ നേതാവോ ഇല്ലാത്ത കോൺഗ്രസാണ് സംഘ പരിവാറിന്റെ ഭൂരിപക്ഷ വർഗീയതയെ നേരിടാൻ മൃദു ഹിന്ദുത്വവും മോദിയെ നേരിടാൻ രാഹുലിനെയും പൊക്കിക്കൊണ്ടു നടക്കുന്നത്.
ഭൂരിപക്ഷ വർഗീയതയെന്ന വീര്യമേറിയ മദ്യം കഴിച്ചു മദോന്മത്തരായ വർഗീയ ഭ്രാന്തന്മാരെയാണ് കോൺഗ്രസ് മൃദു വർഗീയതയെന്ന ബിയർ കാണിച്ചു പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നത്!
2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കിട്ടിയത് 543-ൽ 44 സീറ്റ്! ഒരിടത്തു പോലും രണ്ടക്കം കടന്നില്ല! നാലു സീറ്റിനു മുകളിൽ കിട്ടിയത് കർണാടകത്തിലും കേരളത്തിലും മാത്രം!
2019 -ൽ 52 സീറ്റ് കിട്ടിയത് കേരളത്തിലെ 15 സീറ്റിന്റെ ബലത്തിൽ. രണ്ടക്കം കടന്നത് കേരളത്തിൽ മാത്രം!
ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് 2014, 2019 വർഷങ്ങളിൽ കിട്ടിയ സീറ്റുകൾ താഴെ പറയും പ്രകാരമായിരുന്നു:
(ബ്രാക്കറ്റിൽ സംസ്ഥാനത്തെ ആകെ സീറ്റുകൾ)
യു പി : രണ്ട്, ഒന്ന് (80)
മഹാരാഷ്ട്ര: രണ്ട്, നാല് (48)
ബംഗാൾ: നാല്, രണ്ട് (42)
ബിഹാർ: രണ്ട്, ഒന്ന് (40)
തമിഴ്നാട്: പൂജ്യം, എട്ട് (39)
മദ്ധ്യപ്രദേശ്: രണ്ട്, പൂജ്യം (29)
കർണാടക: ഒമ്പത്, ഒന്ന് (28)
ഗുജറാത്ത്: പൂജ്യം, പൂജ്യം (26)
രാജസ്ഥാൻ: പൂജ്യം, പൂജ്യം(25)
2014-ൽ ആകെ 42-ഉം 2019-ൽ ആകെ 25 – ഉം സീറ്റുകളുണ്ടായിരുന്ന ആന്ധ്രയിൽ കോൺഗ്രസിനു കിട്ടിയത് രണ്ടും പൂജ്യവും.
കോൺഗ്രസ് രൂപീകരിച്ച തെലങ്കാനയിലെ 17 സീറ്റിൽ 2019 -ൽ കോൺഗ്രസിനു കിട്ടിയത് മൂന്ന്.
മുൻ പറഞ്ഞ വലിയ സംസ്ഥാനങ്ങളിലെ ആകെ സീറ്റ് നാനൂറ്. അതിൽ 2014-ൽ കോൺഗ്രസിനു കിട്ടിയത് 23 സീറ്റ്. 2019-ൽ 22. (2019 -ൽ തമിഴ് നാട്ടിൽ ഡി എം കെ യുടെ ബലത്തിൽ കിട്ടിയ 8 അടക്കമാണ് 22)
നാനൂറിൽ ഇരുപതു സീറ്റും 543-ൽ അമ്പതു സീറ്റും കിട്ടുന്ന കക്ഷിയാണ് ഇന്ത്യ ഭരിക്കാൻ പോകുന്നത്!
കേരളത്തിലെ 15-ഉം പഞ്ചാബിലെ എട്ടും അടക്കമായിരുന്നു 2019-ൽ കോൺഗ്രസിനു കിട്ടിയ 52 സീറ്റ്.
ഇത്തവണ പഞ്ചാബിൽ കോൺഗ്രസില്ല.
മോദി ഭരണത്തോടുള്ള വെറുപ്പും കേരള എം പി ക്ക് പ്രധാനമന്ത്രി സ്ഥാനം കിട്ടുമെന്ന വ്യാമോഹവുമാണ് കേരളത്തിൽ 2019 ൽ കോൺഗ്രസിന് 15 സീറ്റ് കിട്ടാൻ കാരണം. ഇന്നത്തെ രാഹുലിന് ദേശീയ നേതാവെന്ന പ്രതിഛായയില്ല. അയാൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയോ മോദിയെ എതിർക്കാൻ കഴിവുള്ള ഒരാളോ അല്ലെന്ന് എല്ലാവർക്കുമറിയാം. കേരളം 2019 ലെ കേരളമല്ല. കേരളത്തിലെ എം പി മാരെ വച്ച് ഇന്ത്യൻ ഭരണം കിട്ടാനും പോകുന്നില്ല.
രാഹുലിന്റെ 1970 മോഡൽ അംബാസഡർ കാർ ഇന്ത്യൻ നിരത്തുകളെ കീഴടക്കി ജൈത്രയാത്ര നടത്തുമെന്നു സ്വപ്നം കാണാൻ ഏതു കോൺഗ്രസുകാരനും അവകാശമുണ്ട്.
കാരണം സ്വപ്നത്തിന് ജി എസ് ടി നൽകേണ്ടതില്ല.
നെഹ്റു കുടുംബമെന്ന ശാപം കോൺഗ്രസിനെ ഗ്രസിച്ചിരിക്കുന്നിടത്തോളം സംഘപരിവാറിനു ഭയക്കേണ്ടതില്ല. അമിത് ഷാ പറഞ്ഞതു പോലെ ഇനിയൊരു നാല്പതു വർഷം കൂടി സംഘപരിവാർ ഇന്ത്യ ഭരിക്കും.
കേവല ഭൂരിപക്ഷത്തിന് 71 സീറ്റു വേണമെന്നിരിക്കെ 35 സീറ്റു കിട്ടിയാൽ ബി ജെ പി കേരളം ഭരിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞതും വെറുതെയല്ല. കോൺഗ്രസിന്റെ സാമാജികരിൽ സംഘപരിവാറിന് അത്രയേറെ വിശ്വാസവും പ്രതീക്ഷയുമാണ്.
നെഹ്റു കുടുംബമൊഴിച്ചുള്ള കോൺഗ്രസ് നേതാക്കളൊക്കെയും നാളെ സംഘപരിവാറിൽ എത്താനുള്ളതാണ്.
നാളെ ബി ജെ പി യിൽ ചേരില്ലെന്ന് ഇന്നു പറയാൻ കഴിയില്ലെന്ന് കെ സുധാകരൻ പരസ്യമായും സംശയത്തിനിട നൽകാതെയും പ്രഖ്യാപിച്ചതും ഗോൾവാൾക്കർ-ഹെഡ്ഗെവാർ പ്രഭൃതികളുടെ ചിത്രങ്ങൾക്കു മുമ്പിൽ വി ഡി സതീശൻ ആദരപൂർവ്വം വിളക്കു തെളിയിച്ച് നമ്രശിരസ്കനായതും നാളെയുടെ കൃത്യമായ സൂചനകളാണ്.
സംഘപരിവാറിനു കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കോൺഗ്രസ് എം എൽ എമാരും എം പിമാരും ശേഷിക്കുന്നിടത്തോളം സംഘപരിവാർ നിയമസഭകളിലും ലോകസഭയിലും ഭൂരിപക്ഷം വിലയ്ക്കു വാങ്ങുക തന്നെ ചെയ്യും. കർണാടകത്തിലും മദ്ധ്യപ്രദേശിലുമൊക്കെ കോൺഗ്രസ് സാമാജികർ ചേർന്ന് ബി ജെ പിയെ അധികാരത്തിലെത്തിച്ചതു പോലെ.
കോൺഗ്രസിന്റെയും നെഹ്റു കുടുംബത്തിന്റെയും മൃദു ഹിന്ദുത്വത്തിനു നൽകുന്ന ഓരോ വോട്ടും ശക്തിപ്പെടുത്തുക സംഘപരിവാറിനെയാണ്.
സംഘപരിവാറിന്റെ കിരാത ഭരണം അവസാനിപ്പിക്കണമെങ്കിൽ കോൺഗ്രസ് ഇതര പ്രതിപക്ഷത്തെ ശക്തിപ്പെടുത്തണം.
2024 ൽ കോൺഗ്രസിനു നിങ്ങൾ നൽകുന്ന ഓരോ വോട്ടും സംഘപരിവാർ ഭരണം ഉറപ്പിക്കുക തന്നെ ചെയ്യും.
മതേതര ഇന്ത്യ ഇല്ലാതായ ശേഷം, നെഹ്റു കുടുംബവും അവരുടെ ഉപദേശികളായ സംഘപരിവാർ ഏജന്റുമാരും മാത്രം ശേഷിച്ചിട്ട് എന്തു പ്രയോജനം! “

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News