Rain Kerala:സംസ്ഥാനത്ത് അതിതീവ്രമഴ;2 മരണം;7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിതീവ്രമഴയെന്ന്(Heavy Rain) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്(Orange Alert). കനത്ത മഴ തുടരുന്നതിനാല്‍ കോട്ടയം മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. നെടുമങ്ങാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

മഴക്കെടുതിയില്‍ ഇതുവരെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം കുംഭാവുരുട്ടിയില്‍ മലവെള്ളപ്പാച്ചിലില്‍ തമിഴ്നാട് സ്വദേശി മരിച്ചു.പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട കൊല്ലാമുള സ്വദേശി അദ്വൈതാണ് മരിച്ചത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി , തിരുവനന്തപുരം ജില്ലകളില്‍ പെയ്ത ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇടുക്കി മൂലമറ്റത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. മൂലമറ്റം, മൂന്നുങ്കവയല്‍, മണപ്പാടി പ്രദേശത്തുള്ള വീടുകളില്‍ വെള്ളം കയറി. കോട്ടയം മൂന്നിലവിലും മേലുകാവ് ഇരുമാപ്രയിലും ഉരുള്‍പ്പൊട്ടലുണ്ടായി. ഇരുമാപ്രയില്‍ ഏഴ് വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. മലയോര മേഖലകളില്‍ രാത്രികാല യാത്രാ നിരോധനവും പ്രഖ്യാപിച്ചു. മൂന്നിലവ് ടൗണില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ട്.

മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തിരുവനന്തപുരം മീന്‍മുട്ടിയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. പത്തനംതിട്ട പമ്പാ നദിയുടെ അത്തിക്കയം, പെരുനാട് മേഖലകളില്‍ ജലനിരപ്പ് ഉയരുകയാണ്. റാന്നി കൊല്ല മുള്ളയിലും എരുമേലിയിലും വീടുകളില്‍ വെള്ളം കയറിയതിനാല്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചു.കൊക്കത്തോട് നെല്ലിക്കപാറ ചപ്പാത്തില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. നാല് ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു.

നാളെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്ര വാത ചുഴി നില നില്‍ക്കുന്നതാണ് മഴക്ക് കാരണം. തീരദേശത്തും മലയോര മേഖലയിലും താമസിക്കുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here