Kerala Rain: കനത്ത മഴ; കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ(Heavy rain) തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട(Pathanamthitta) ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കൊല്ലം(Kollam) ജില്ലയിലെ പുനലൂര്‍ താലൂക്കിലെ കുളത്തുപ്പുഴ ഉള്‍പ്പെട്ട് വരുന്ന അഞ്ചല്‍ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ മഴ ശക്തം; അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ടയില്‍(Pathanamthitta) കനത്ത മഴ(Heavy rain) തുടരുന്നു. അച്ചന്‍കോവിലാര്‍(Achankovilar) അടക്കമുള്ള നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. അച്ചന്‍കോവിലാറില്‍ രണ്ടടിയെങ്കിലും ജലം ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. വലിയ ഒഴുക്കാണ് നദിയിലേക്ക് ഉണ്ടായിരിക്കുന്നത്. വെള്ളം കലങ്ങിമറിഞ്ഞ് ഒഴുകുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കിഴക്കന്‍ മേഖലകളിലുണ്ടാവുന്ന മഴ ഏറ്റവും ആദ്യം ബാധിക്കുന്നത് അച്ചന്‍കോവിലാറിനെയാണ്.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിതീവ്രമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്നലെ മുതല്‍ നിര്‍ത്താതെ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയില്‍ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗണും വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി മൂലമറ്റത്ത് ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. മൂന്നുങ്കവയല്‍, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം കല്ലാര്‍ മീന്‍മുട്ടിയില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു. നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെയും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News