ദിവസവും പല്ലുതേക്കേണ്ട കാര്യമില്ല എന്ന് പറയുന്നവർ പ്ലീസ് ഒന്ന് ശ്രദ്ധിക്കൂ……

ഓറൽ ഹൈജീൻ(oral hygiene) അഥവാ ദന്ത ശുചിത്വം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഓർമിപ്പിക്കുന്ന ദിവസമാണ് ഇന്ന്.ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പല്ലുകൾക്കും വായ ശുചിത്വത്തിനും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഇത് പ്രസക്തമായ വിഷയമായത് കൊണ്ടാണ് എല്ലാ വർഷവും, ഇന്ത്യൻ സൊസൈറ്റി ഓഫ് പെരിയോഡോന്റോളജി(Indian Society of Periodontology)യുടെ സ്ഥാപകനായ ഡോ ജി ബി ശങ്ക്‌വാൾക്കറുടെ(DrGB Shankwalkar) ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി ഇന്ത്യയിൽ August 1 ഓറൽ ഹൈജീൻ ദിനമായി(oral hygiene day)ആചരിക്കുന്നതും. വായ എല്ലാ ദിവസവും വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയും ബോധവൽക്കരിക്കുകയുമാണ് ഈ ദിവസം.തീർത്ഥാസ് ടൂത് അഫയർ ഡെന്റൽ ഹോസ്പിറ്റൽ ചീഫ് ഡെന്റൽ സർജൻ ഡോ തീർത്ഥ ഹേമന്ദ് എഴുതുന്നു.

വായയുടെയും പല്ലിന്റെയും ശുചിത്വം പരിപാലിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സിമ്പിൾ ആയതുമായ വഴിയാണ് ബ്രഷിങ്ങ്(brushing) അഥവാ പല്ല് തേപ്പ്.ദിവസേന ബ്രഷ് ചെയ്യുന്നത് നിർബന്ധമുള്ള ഒരു കാര്യമല്ല എന്ന് കരുതുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഏറ്റവും അപകടകരമായ ചിന്താഗതിയാണത്. ഓരോ ദിവസവും ആരംഭിയ്ക്കുന്നത് തന്നെ ബ്രഷ് ചെയ്തുകൊണ്ടായിരിക്കണം. രാത്രി കിടക്കുന്നതിനു മുന്‍പും പല്ലുകള്‍ വൃത്തിയാക്കണം. എന്തെങ്കിലും കാരണത്താല്‍ ഈ ശീലം ഒഴിവാക്കുന്നത് നിങ്ങളിൽ അനേകം ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.ശരിയായ രീതിയിലും ശരിയായ സമയത്തും ബ്രഷ് ചെയ്യുന്നത് ഒരുപോലെ പ്രധാനമാണ്. തെറ്റായ രീതിയിൽ ബ്രഷ് ചെയ്യുന്നത് ബ്രഷ് ചെയ്യാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യവും ഓർമ്മ വേണം.

പല്ല് തേക്കുന്നതിന് പുറമെ, ഭക്ഷണത്തിനു ശേഷം വായ വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകുന്നതും ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ,ആവശ്യമുള്ളപ്പോൾ മൗത് വാഷ്(mouthwash),ഇടക്കൊക്കെ ച്യുയിങ്ഗം(Chewing gum) ഉപയോഗിക്കുന്നതുമൊക്കെ നല്ലതാണ്. വെള്ളം കുടിക്കുന്നതും നല്ലത് തന്നെ കാരണം വെള്ളം ഒരു ഒരു സ്വാഭാവിക മൗത്ത് വാഷായി പ്രവർത്തിക്കുന്നു, ഇത് ഇടയ്ക്കിടെ വായ വൃത്തിയാക്കുന്നു.നിങ്ങളുടെ പല്ലുകളുടെയും മോണയുടെയും ഘടന പരിശോധിച്ച് പല്ലുകൾക്കിടയിൽ വൃത്തിയാക്കാൻ നിങ്ങൾക്കനുയോജ്യമായ വലുപ്പം കുറഞ്ഞ തരത്തിലുള്ള ഇന്റർഡെന്റൽ ബ്രഷുകളും നൂല് പോലുള്ള ഡെന്റൽ ഫ്ലോസ്സുകളും ആവശ്യമെങ്കിൽ ഉപയോഗിക്കാം.

ബ്രഷിങ്ങ് രീതി

  • പല്ലുകൾ സംരക്ഷിക്കുന്നതിന് ശരിയായ ബ്രഷ് (tooth brush) തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.

  • പല്ല് തേക്കാൻ മൃദുവായ ബ്രഷ് മാത്രം ഉപയോഗിക്കുക.

  • കൊച്ചു കുട്ടികൾക്കായി അവർക്ക് ഇണങ്ങുന്ന ബ്രഷുകൾ തെരഞ്ഞെടുക്കുക.

  • 2 മുതൽ 5 മിനുട്ട് സമയം വരെയാണ് ബ്രെഷ് ചെയ്യേണ്ട ഏകദേശം സമയം.

പല്ലുകൾ മോണയിൽ നിന്ന് പല്ലിലേക്ക് എന്ന രീതിയിലാണ് ബ്രഷ് ചെയ്യേണ്ടത്.ബ്രഷ് മോണയ്ക്ക് 45 ഡിഗ്രി ചരിച്ച് വച്ച് മേൽത്താടിയിലെ പല്ലുകൾ മുകളിൽ നിന്ന് താഴേയ്ക്കും കീഴ്ത്താടിയിലെ പല്ലുകൾ താഴെ നിന്ന് മുകളിലേയ്ക്കും ബ്രഷ് ചെയ്യണം.പല്ലിന്റെ ചവയ്ക്കുന്ന ഭാഗം മുന്നോട്ടും പിന്നോട്ടും ബ്രഷ് ചെയ്യുക. മുകളിലത്തെയും താഴത്തെയും മുൻവശത്തെ പല്ലുകളുടെ ഉൾഭാഗം മോണയിൽ നിന്നും പല്ലിലേക്ക് എന്ന രീതിയിൽ ബ്രഷ് കുത്തനെ പിടിച്ച് ആണ് വൃത്തിയാക്കേണ്ടത്.പിന്നീട് മുൻവശത്തെ പല്ലുകളുടെ മുൻഭാഗവും മോണയിൽ നിന്നും പല്ലിലേക്ക് ബ്രഷ് ചലിപ്പിച്ച് വൃത്തിയാക്കുക.

ബ്രഷ് ചെയ്തതിനു ശേഷം മോണയെ വിരലുകൾ കൊണ്ട് മസാജ് ചെയ്യുന്നതും നാവ് മൃദുവായി ബ്രഷ് ചെയ്യുന്നതും വായയുടെ ശുചിത്വത്തിന് നല്ലതാണ്.പല്ലു തേയ്ക്കുമ്പോൾ അമിതമായി ബലം പ്രയോഗിക്കരുത്ബലം പ്രയോഗിച്ച് പല്ലു തേയ്ക്കുന്നത് മോണകളെ നശിപ്പിക്കും.ദിവസത്തിൽ 3-4 തവണയിൽ കൂടുതൽ പല്ലു തേയ്ക്കുന്നതും ദോഷം ചെയ്യും.

രാവിലെയും രാത്രിയും ശരിയായ രീതിയിൽ പല്ല് ബ്രഷ് ചെയ്താൽ പല്ലുകളിലും മോണകളിലും ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങി കിടക്കാതെ അവയെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സാധിക്കും. പല്ലുകൾക്കിടയിൽ ടൂത്ത് ബ്രഷിന് എത്താൻ പറ്റാത്ത ഇടങ്ങളും ഉണ്ടാവും.അങ്ങനെയുള്ള പല്ലിന്റെ പ്രതലങ്ങൾ വൃത്തിയാക്കലും ദന്ത സംരക്ഷണത്തിൽ പ്രധാനമാണ്.

ഭക്ഷണ അവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചാൽ തുടക്കത്തിൽ അവ ബ്രഷ് കൊണ്ട് നീക്കം ചെയ്യാൻ പറ്റുന്ന രീതിയിൽ മൃദുവായിരിക്കും, പക്ഷെ കാലക്രമേണ അവ കട്ട പിടിക്കുകയും ബ്രഷ് കൊണ്ട് നീക്കം ചെയ്യാൻ പറ്റാതാവുകയും ചെയ്യുന്നു.ആറു മാസത്തിൽ ഒരിക്കൽ ഡെന്റിസ്റ്റിനെ സമീപിച്ചു ‘ക്ലീനിങ്’ ചെയ്യുന്നത് മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനും,വായ ശുചിത്വത്തിനും വായനാറ്റം ഒഴിവാക്കാനും ഒക്കെ സഹായകരമാണ്.

ദന്ത സംരക്ഷണത്തിൽമോണയുടെ സംരക്ഷണവും വളരെ പ്രധാനമാണ്.
മോണ രോഗങ്ങൾ സാധാരണ പല്ല് നഷ്ടപ്പെടുന്നതിലേക്ക് നയിക്കാം.ആറ് മാസം കൂടുമ്പോഴുള്ള ക്ളീനിംഗിൽ രോഗങ്ങൾ മനസിലാക്കാനും ചെറുക്കാനും കഴിയും.വായ ശുചിത്വത്തിൽ ഉള്ള പോരായ്മകളും വായയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലുള്ള ശ്രദ്ധക്കുറവും ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നിവയുൾപ്പെടെ നിരവധി രോഗാവസ്ഥകൾക്ക് കാരണമാകും.ഇന്ന് മുതൽ പല്ലിന്റെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്താൻ തീരുമാനിച്ചാൽ ഏറെ കാലം ആരോഗ്യത്തോടെ നമുക്ക് ചിരിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here