Rain: കനത്ത മഴ; അതിരപ്പിള്ളി വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ(rain) തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി(athirappilly), വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഈ മാസം അഞ്ചുവരെയാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്. അതിരപ്പിള്ളി, മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കനത്ത മഴ ( rain ) തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം (ernakulam) ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിൽ നാളെ അങ്കണവാടികള്‍, പ്രൊഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധിയാണ്.

തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഇന്നും (ഓഗസ്റ്റ് -01 ) നാളെയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് -02) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.

മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലന്നും അറിയിപ്പിൽ പറയുന്നു. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം.

ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണം.
ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here