Pinarayi Vijayan : ദുരിതപ്പെയ്ത്ത്: സംസ്ഥാനത്താകെ ഏഴ് ക്യാംപുകള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്താകെ ഏഴ് ക്യാംപുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ) . കൊല്ലം 1, പത്തനംതിട്ട 1, ഇടുക്കി 1, കോട്ടയം 2, തൃശ്ശൂര്‍ 1, വയനാട് 1. വിവിധ ജില്ലകളിലായി ആകെ 90 ആളുകളെ ഇതുവരെ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 19 പുരുഷന്‍മാരും 23 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു.

ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ്തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നു. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും താലൂക്കോഫീസുകളിലും തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നിട്ടുണ്ട്. നമ്പര്‍ 807 8548 538

മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നു കൊണ്ടായിരിക്കണം തദ്ദേശസ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

എന്‍ ഡി ആര്‍ എഫ്, ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്‌സ്, സി ആര്‍ പി എഫ്, ബി എസ് എഫ്, കോസ്റ്റ്ഗാര്‍ഡ്, ഐ ടി ഡി പി എന്നീ സേനാവിഭാഗങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതതു പ്രദേശത്തെ സാഹചര്യം പരിഗണിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്‌കൂളുകള്‍ക്ക് അവധി നല്‍കാവുന്നതാണ്. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ തന്നെ അവധി നല്‍കിയിട്ടുണ്ട്. മണ്ണൊലിപ്പ് സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട്. ഫണ്ട് ദൗര്‍ലഭ്യം മൂലം ഒരു പ്രവര്‍ത്തനങ്ങളും മുടങ്ങാന്‍ പാടില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് കോര്‍പ്പറേഷനുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യണം എന്ന് നിര്‍ദേശം നല്‍കി.

അതോടൊപ്പം ഇതുമായി ചേര്‍ത്ത് പറയാനുള്ളത് മഴ രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം അപകട സാധ്യതകള്‍ കൂടുതലാണ്. ഇത് മനസിലാക്കി കാല്‍നട യാത്രക്കാരടക്കം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ രാത്രിയാത്ര കഴിവതും ഒഴിവാക്കാനും ശ്രമിക്കുക. ശക്തമായ കാറ്റ് ഉള്ളതിനാല്‍ മരങ്ങള്‍ കടപുഴകാനും ഇലക്ട്രിക്ക് പോസ്റ്റുകള്‍ റോഡിലേക്ക് വീഴുവാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ ജാഗ്രതപാലിച്ച് സഞ്ചരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ഇത്തരം ഘട്ടങ്ങളില്‍ എല്ലാവരും കൈകോര്‍ത്ത് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ശീലമാണ് നമ്മുടെ നാടിന്റേത്. ഇപ്പോള്‍ പറയാനാവില്ലെങ്കിലും അസാധാരണമായ മഴ തീവ്രമായ തോതില്‍ വരുന്നു എന്ന് തന്നെയാണ് കാണേണ്ടത്. അങ്ങനെയാണ് മുന്നറിയിപ്പുകള്‍. അത് കൊണ്ട് തന്നെ മുന്‍കരുതലുകള്‍ എടുക്കേണ്ടതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതും നമ്മുടെയാകെ ഉത്തരവാദിത്തമായി കരുതേണ്ടതുണ്ട്.

ഓരോരുത്തര്‍ക്കും തങ്ങളുടേതായ സംഭാവന ഇതില്‍ നല്‍കാനാകും. ഒരു തരത്തിലുമുള്ള ഭേദ ചിന്തയുമില്ലാതെ മുഴുവനാളുകളും കൈകോര്‍ത്ത് ഈ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ മുന്നിട്ടിറങ്ങണം എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News