ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി വിജയ് എസ്.സാക്കറെയെ നിയോഗിച്ചു: മുഖ്യമന്ത്രി

അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കും.

പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചു.

അടിയന്തര ഇടപെടലുകള്‍ക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലാ തല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും, എം.എല്‍.എ, എം.പി മാരെയും കൂടി പങ്കെടുപ്പിക്കും.

ജില്ലാ, താലൂക്ക് തല ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ നിര്‍ബന്ധമായും അതാത് സ്ഥലങ്ങളില്‍ ആഗസ്റ്റ് അഞ്ചാം തീയതി വരെ ഉണ്ടാകണം. തദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി, പി.എച്.സി/സി.എച്.സി ഡോക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അതാത് ഡ്യൂട്ടി സ്റ്റേഷനില്‍ ഉണ്ടാകണം.

എല്ലാ ജില്ലകളിലും ജെസിബി, ഹിറ്റാച്ചി, ടോറസ് ലോറി എന്നിവ അതാത് താലൂക്കുകളില്‍ നിന്നും വാഹന്‍ പോര്‍ട്ടല്‍ മുഖാന്തരം കണ്ടെത്തി ലഭ്യത ഉറപ്പ് വരുത്തണം. ദുരന്ത ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ സമയത്ത് മുന്‍ഗണന നല്‍കാനും കണ്ടെത്തിയവരെ മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

ട്രോളിങ് അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കടല്‍ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തണം.

സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, ആപത് മിത്ര എന്നിവരെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണം. മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അതിനാവശ്യമായ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട സ്ഥലങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തണം.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ വറ്റിക്കുവാന്‍ ആവശ്യമായ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കൃഷി, ജല സേചന വകുപ്പ്, തദ്ദേശ വകുപ്പ്, അഗ്‌നി രക്ഷാ വകുപ്പ് എന്നിവര്‍ ഉറപ്പ് വരുത്തണം. പാലങ്ങള്‍ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ എന്‍ജിനിയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ് എന്നിവര്‍ക്കാണ്.

വനപ്രദേശങ്ങളിലും, ഊരുകളിലും, ലയങ്ങളിലും താമസിക്കുന്ന ആള്‍ക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണം
ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കുകയും വേണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി പൂര്‍ത്തീകരിക്കണം. സ്‌കൂളുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുകയും, അപകട സാധ്യതകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ പരിഹരിക്കുകയും വേണം.

ഒഴിപ്പിക്കലിന് ബോട്ടുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അവ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. കടത്ത് തോണികള്‍, ഹൌസ് ബോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത് പരിഗണിക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്ക് ഇത്തരം സ്ഥലങ്ങളില്‍ ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് ലഭ്യമാക്കുന്നത് പരിഗണിക്കണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News