ADVERTISEMENT
മഴക്കെടുതിയെ നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ( MV Govindan Master ) ആഹ്വാനം ചെയ്തു. രാത്രിയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പഞ്ചായത്ത് കേന്ദ്രത്തിൽ ജീവനക്കാരുണ്ടാകണം. ഇതിന് ആവശ്യമായ നടപടി ബന്ധപ്പെട്ട സ്ഥാപന മേധാവിമാർ സ്വീകരിക്കണം.
പ്രകൃതിദുരന്തത്തെ നേരിടാൻ അടിയന്തര ആവശ്യങ്ങൾക്കുള്ള തുക ചിലവഴിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ മുന്നറിയിപ്പുകൾ കൃത്യമായി എത്തിക്കാനും, മഴക്കെടുതിയെ നേരിടാൻ സജ്ജമാക്കാനും ഈ കേന്ദ്രം പ്രവർത്തിക്കും. മഴക്കെടുതിയെ നേരിടാൻ സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യം ഉണ്ടെന്നും കോവിഡ് മാനദണ്ഡനങ്ങൾ പാലിക്കുന്നുവെന്നും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിതാമസിപ്പിക്കണം. എല്ലാവരും മാറി താമസിച്ചു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ കൃത്യമായി എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും മന്ത്രി നിർദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.