Excise : പണി കിട്ടും….സൂക്ഷിച്ചോ ! ഒരു തുള്ളി ഉമിനീര്‍ മതി സം​ഗതി കളറാകാൻ

നിരോധിത ലഹരിമരുന്നുകൾ ( intoxicant ) ഉപയോഗിക്കുന്നവരെ പെട്ടെന്ന് പിടികൂടാനുള്ള കിറ്റുമായി എക്സൈസ് വകുപ്പ് (Excise). നിരോധിത ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്താനുപയോഗിക്കുന്ന അബോൺ കിറ്റുകളുമായി വ്യാപക പരിശോധനയാണ് എക്സൈസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യാപകമായി എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ലഹരി വസ്തുക്കൾ എത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ഉമിനീരിൽ നിന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുന്ന അബോൺ പരിശോധന കിറ്റുമായാണ്‌ എക്സൈസ് രംഗത്തിറക്കിയിരിക്കുന്നത്. എം.ഡി.എം.എ., കൊക്കെയ്ൻ, എൽ.എസ്.ഡി., കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗിച്ചവരെ തിരിച്ചറിയാനുള്ള എളുപ്പ വഴിയാണ് ഈ കിറ്റുപയോഗിച്ചുള്ള പരിശോധന.

മദ്യപിച്ച് വാഹനമോടിച്ചവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കാറുണ്ട്. എന്നാൽ കഞ്ചാവുൾപ്പെടെയുള്ള നിരോധിത ലഹരികൾ ഉപയോഗിച്ചവരെ കണ്ടെത്താൻ സംശയം തോന്നിയാൽ കസ്റ്റഡിയിലെടുത്ത് സർക്കാർ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തേണ്ടതുണ്ട്.ഈയൊരു സമയനഷ്ടം ഒഴിവാക്കാൻ പുതിയ കിറ്റ് ഉപയോഗിക്കുന്നതിലൂടെ ഒഴിവാക്കാനാകും.

പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിൽ പരിശോധന നടത്തി കിറ്റ് ഉപയോഗപ്രദമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുവരെ ആകെ 10,000 കിറ്റുകൾ മാത്രമാണ് എക്സൈസ് വാങ്ങിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് ഓണക്കാലത്ത് വ്യാപക പരിശോധനയുണ്ടാകും.തുടർന്നും കൂടുതൽ ടെസ്റ്റിങ് കിറ്റുകൾ വരുത്തി പരിശോധന വർധിപ്പിക്കാനാണ് എക്സൈസ് ലക്ഷ്യമിടുന്നത്. നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്ന് തെളിഞ്ഞാൽ ഡീ അഡിക്ഷനും കൗൺസിലിങ്ങിനും തയ്യാറായാൽ നിയമനടപടികളിൽ നിന്ന് രക്ഷനേടി ലഹരിമുക്ത ജീവിതത്തിലേക്ക് പോകാൻ എക്സൈസ് വകുപ്പ് സഹായിക്കും.

പ്രായപൂർത്തിയായവരും അല്ലാത്തവരുമായവരെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് ഇതിലൂടെ എക്സൈസ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം ലഹരിഉപയോഗിച്ച് മറ്റെന്തെങ്കിലും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയാൽ നിയമനടപടികൾക്ക് വിധേയരാകേണ്ടിയും വരും. മാത്രമല്ല ലഹരിമരുന്ന് കിട്ടിയതെവിടെ നിന്നാണെന്ന വിവരം എക്‌സൈസിന് നൽകേണ്ടിയും വരും.

അബോണിന്റെ ഒരു തവണമാത്രം ഉപയോഗിക്കാവുന്ന ഒരു കിറ്റിന് ഏകദേശം 500 രൂപയാണ് വില. പരിശോധിക്കുന്ന ഉദ്യോഗസ്ഥന് സംശയം തോന്നുന്നപക്ഷം ഉടനടി എടുത്തുപയോഗിക്കാൻ പറ്റുന്ന പാകത്തിന് സജ്ജമാക്കിയതാണ് ഈ കിറ്റ്. ഇതുപയോഗിച്ച് ഒറ്റത്തവണകൊണ്ട് ഒന്നിലധികം ലഹരി പരിശോധന നടത്താനും അതുവഴി ഏത് ലഹരിവസ്തുവാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനും സാധിക്കും.

ഇതിന് ഉമിനീർ മാത്രം ശേഖരിച്ചാൽ മതിയാകും. പത്ത് സെന്റീമീറ്റർ നീളമുള്ള കിറ്റിനുള്ളിൽ സ്‌പോഞ്ച് ചുറ്റിയ നീഡിൽ, ടെസ്റ്റിനുള്ള ദ്രാവകം എന്നിവയുണ്ട്. ഉമിനീർ ശേഖരിക്കാൻ കിറ്റിനുള്ളിൽ സ്‌പോഞ്ച് ഉൾപ്പെടുന്ന ഭാഗം ഉപയോഗിക്കും. ഇതുവഴി ശേഖരിക്കുന്ന ഉമിനീർ ടെസ്റ്റ് കിറ്റിനുള്ളിലെ ദ്രാവകത്തിലേക്ക് മാറ്റും. ഇങ്ങനെ മാറ്റുമ്പോൾ സ്‌പോഞ്ചിന് നിറമാറ്റം ഉണ്ടെങ്കിൽ അതുവെച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താം.

സാധാരണ രക്ത പരിശോധനയ്ക്ക് സമ്മതം വാങ്ങണമെന്നാണ് നിയമം. സംശയം തോന്നിയതിന്റെ പേരിൽ ഒരാളിൽ നിന്ന് രക്തം പരിശോധനയ്ക്കായി ശേഖരിക്കാൻ സാധിക്കില്ല. അല്ലെങ്കിൽ അയാൾ എന്തെങ്കിലും നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെടണം. ഉമിനീർ ആകുമ്പോൾ ആ പ്രശ്‌നം ഉദിക്കുന്നില്ല.

യുവാക്കളെയും വിദ്യാർഥികളെയും ലഹരി ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തുകയെന്നതാണ് പരിശോധന കിറ്റുപയോഗിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. അല്ലാതെ വ്യാപകമായ നിയമനടപടി സ്വീകരിക്കുന്നതിന് വേണ്ടിയല്ല. ലഹരി ഉപയോഗിച്ചവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ പ്രേരിപ്പിക്കും. അതിനുള്ള പിന്തുണ എക്‌സൈസ് വകുപ്പ് നൽകും. അതേസമയം ഇത്തരം ലഹരി വസ്തുക്കൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയും ഉണ്ടാകും. കിറ്റുപയോഗിച്ച് ഭാവിയിൽ കൂടുതൽ പരിശോധനകളുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News