Kerala Rain: മഴ ശക്തം; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് കനത്ത മഴ(Heavy Rain) തുടരുന്ന പശ്ചാത്തലത്തില്‍ 12ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു(Holiday for Educational Institutes). പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. മഴ ശക്തമായി തുടരുന്നതിനാലും ജില്ലകളില്‍ റെഡ് അലര്‍ട്ട്(Red Alert), ഓറഞ്ച് അലര്‍ട്(Orange Alert) നിലനില്‍ക്കുന്നതിനാലും അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കേരള(Kerala), എംജി(MG), കാലിക്കറ്റ് സര്‍വകലാശാല(Calicut University) ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് ഇന്നലെ ആറു പേര്‍ മഴക്കെടുതിയില്‍ മരിച്ചു. കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി. കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു.

കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചന്ദ്രന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ത്യന്‍ ആര്‍മിയുടെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.

തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശി കന്യാകുമാരി പുത്തന്‍തുറ കിങ്സറ്റണ്‍ (27) കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കൂട്ടിക്കല്‍ കന്നുപറമ്പില്‍ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയില്‍ തിങ്കളാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയില്‍ പൗലോസിനെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here