കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡ്(Commonwealth Mixed Badminton) ഇനത്തില്‍ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യന്‍മാര്‍ ഫൈനലില്‍ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്റ്റാര്‍ ഷട്ടില്‍ പി.വി സിന്ധു(P V Sindhu) മാത്രമാണ് വിജയിച്ചത്. തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വെള്ളി നേടാനായിരുന്നു യോഗം. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക്സായ്രാജ് റാങ്കിറെഡ്ഡിയും മലേഷ്യയുടെ ടെങ് ഫോങ് ആരോണ്‍ ചിയ, വൂയി യിക്ക് എന്നിവര്‍ക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് മത്സരത്തില്‍ മലേഷ്യന്‍ സഖ്യം 21-18, 21-15ന് ആദ്യ മത്സരം സ്വന്തമാക്കുകയായിരുന്നു.
രണ്ടാം മത്സരത്തില്‍ പി.വി സിന്ധു ജിന്‍ വെയ് ഗോഹുമായി ഏറ്റുമുട്ടി. ഇരട്ട ഒളിമ്പിക്സ് മെഡല്‍ ജേതാവ് ആക്രമണോത്സുകമായി കളിച്ച് 22-20 ന് ആദ്യ സെറ്റ് നേടി. 21-17 എന്ന സ്‌കോറിന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പി.വി സിന്ധുവിനായി. എന്നാല്‍ ടൈയിലെ മൂന്നാം മത്സരത്തില്‍ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനെതിരെ കിഡംബി ശ്രീകാന്ത് പരാജയപെട്ടു.
ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ മലേഷ്യന്‍ താരം ഇന്ത്യന്‍ എയ്സിനെതിരെ 21-19, 6-21, 21-16 എന്ന സ്‌കോറിന് തകര്‍പ്പന്‍ ജയം രേഖപ്പെടുത്തി. ഇതോടെ മലേഷ്യ 2-1ന് മുന്നിലെത്തി. ഫിക്ചറിലെ നാലാം മത്സരത്തില്‍ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മുരളീധരന്‍ തിന, കൂങ് ലെ പേര്‍ളി ടാന്‍ എന്നിവരെ നേരിട്ടു. ആദ്യ ഗെയിം 18-21ന് ഇന്ത്യന്‍ ജോടി തോറ്റു. രണ്ടാം ഗെയിം 21-17ന് ജയിച്ച മലേഷ്യന്‍ ജോഡി 2022 ഗെയിംസില്‍ സ്വര്‍ണം നേടി.
ഇതോടെ നാലു വര്‍ഷം മുമ്പ് ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയോട് തോറ്റ കിരീടം മലേഷ്യ തിരിച്ചുപിടിച്ചു. 2018 ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ ഇന്ത്യ ആദ്യമായി ഈ ഇവന്റിന്റെ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. അന്ന് മലേഷ്യയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. വീണ്ടും ഇരു ടീമുകളും മുഖാമുഖം വന്നെങ്കിലും ഇത്തവണ ആ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ടീമിനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.