Erattupetta: കൈരളിന്യൂസ് ഇംപാക്ട്; ഈരാറ്റുപേട്ടക്കാരന്‍ ഔസേപ്പച്ചന് സര്‍ക്കാരിന്റെ കൈത്താങ്ങ്

ഈരാറ്റുപേട്ട(Erattupetta) മൂന്നിലവില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍(Landslide) വളര്‍ത്തു മൃഗങ്ങളെ നഷ്ടമായ ഔസേപ്പച്ചെന്ന കര്‍ഷകന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍(V N Vasavan). ഗര്‍ഭിണിയായ രണ്ട് എരുമകളും 17 പന്നികളും ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഔസേപ്പച്ചന്റെ സങ്കടപ്പെടുത്തുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത് ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒഴുകിയെത്തിയ മലവെള്ളത്തില്‍ ഔസേപ്പച്ചനെന്ന മലയോര കര്‍ഷകന് നഷ്ടമായത് പൂര്‍ണ്ണ ഗര്‍ഭിണിയായ രണ്ട് എരുമകളും, 17 പന്നികളും,ആടും,കോഴിയും, താറാവും ഉള്‍പ്പെടെ മറ്റ് ജീവജാലങ്ങളുമായിരുന്നു. പുല്ല് തിന്നാന്നായി കെട്ടിയിട്ടിരുന്ന എരുമകള്‍ മലവെള്ളത്തില്‍ മുങ്ങിത്താഴ്ന്ന ആ സങ്കട കാഴ്ച്ച കൈരളി ന്യൂസിലൂടെയാണ് ഔസേപ്പച്ചന്‍ വിളിച്ച് പറഞ്ഞത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സഹായം. അരപ്പൊക്കം വെള്ളത്തില്‍ വീട് മുങ്ങിയപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും നശിച്ചിരുന്നു.

മഴക്കെടുതിയില്‍ മരണം 13 ആയി; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

സംസ്ഥാനത്ത് മഴക്കെടുതിയില്‍(Heavy Rain) മരിച്ചവരുടെ എണ്ണം 13 ആയി(Kerala Rain Death Toll). ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. കുളച്ചല്‍ സ്വദേശികളായ ഗില്‍ബര്‍ട്ട്, മണി എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍. നേവിയുടെ ഹെലികോപ്റ്റര്‍ വഴിയും കടലില്‍ തെരച്ചില്‍ നടത്തി.

അതേസമയം, സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓണ്‍ലൈന്‍ ആയാണ് യോഗം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തുടരുന്നതിനാലാണ് ഓണ്ലൈനായി യോഗം ചേരുന്നത്. നിലവില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, അപകടസാധ്യതകള്‍ തുടങ്ങിയവ മന്ത്രിമാര്‍ യോഗത്തില്‍ അറിയിക്കും. അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ദുരന്ത പ്രതിരോധ സംഘങ്ങളെ വിന്യസിക്കുന്ന്നതും, കൂടുതല്‍ കേന്ദ്രസേനകളുടെ സഹായം തേടുന്നതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. മഴയുടെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, 95 ദുരിതാശ്വാസ ക്യാംപുകളിലായി 2,291 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here