Heavy Rain:കനത്ത മഴ;വട്ടവടയില്‍ വ്യാപക കൃഷിനാശം

(Vattavada)വട്ടവടയില്‍ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക കൃഷിനാശം. ഭൂമിയില്‍ വിള്ളല്‍ വീണതോടെ 30 ഓളം കുടുംബങ്ങള്‍ ഭീഷണിയിലാണ്.

അയ്യപ്പന്‍ എന്ന കര്‍ഷകന്റെ ഒരേക്കറോളം കൃഷി ഭൂമിയിലാണ് വിള്ളല്‍ വീണത്. മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ദേവികുളം എം.എല്‍.എ എ.രാജയുടെ നേതൃത്വത്തില്‍ റവന്യൂ സംഘം സ്ഥലം സന്ദര്‍ശിക്കും.

പാലക്കാട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു;ജാഗ്രത തുടരുന്നു

പാലക്കാട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിയ്ക്കുന്നുണ്ട്. ഇതേ ത്തുടര്‍ന്ന് ജില്ലയിലെ പ്രധാന പുഴകളെല്ലാം കരകവിഞ്ഞു.

കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിയ്ക്കുന്നുണ്ട്. മലമ്പുഴ, പോത്തുണ്ടി, പറമ്പിക്കുളം, കാത്തിരപ്പുഴ, മംഗലം ഡാമുകള്‍ തുറന്നു. അണക്കെട്ടുകള്‍ ഇരുപത്തിനാല് മണിയ്ക്കൂറും നിരീക്ഷിയ്ക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടുകളിലെ വെള്ളമെത്തിയതോടെ ഭാരതപ്പുഴ, കല്‍പ്പാത്തി, ഗായത്രി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടലുണ്ടായ നെല്ലിയാമ്പതിയില്‍ ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അട്ടപ്പാടി ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലയോര മേഖലയില്‍ ആശങ്ക ഒഴിവായിട്ടില്ല. അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിയ്ക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News