Anas:സ്‌കേറ്റിങ് ബോര്‍ഡില്‍ കശ്മീരിലേക്ക് സ്വപ്ന യാത്ര;മോഹം പൂര്‍ത്തീകരിക്കാനാകാതെ അനസ് മടങ്ങി

സ്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് യാത്ര തിരിച്ച അനസ് ഹജാസ് ലക്ഷ്യത്തിനരികെ മരണത്തിന് കീഴടങ്ങി. കശ്മീരിലെത്താന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് അനസ് അപകടത്തില്‍ മരിക്കുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശി അലിയാര്‍കുഞ്ഞിന്റെയും ഷൈലാബീവിയുടെയും മകന്‍ അനസ് കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് സ്‌കേറ്റിങ് ബോര്‍ഡില്‍ ഒറ്റക്ക് യാത്ര തുടങ്ങിയത് മേയ് 29നാണ്. കഴിഞ്ഞ ദിവസം ഹരിയാനയിലുണ്ടായ അപകടത്തിലാണ് അനസ് മരിക്കുന്നത്. റോഡിലൂടെ സ്‌കേറ്റ് ചെയ്ത് പോകുന്നതിനിടെ ട്രക്കിടിച്ചാണ് മരണം സംഭവിച്ചത്.

anas-hijas

കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമാണുള്ളത്. മാസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ലക്ഷ്യത്തിനരികെയുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് അനസിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. തന്റെ ലക്ഷ്യത്തിലെത്താന്‍ അനസിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സ്‌കേറ്റിങ് ബോര്‍ഡില്‍ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയില്‍ പ്രവേശിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ച ഹരിയാനയിലെ പഞ്ചഗുളയില്‍ യാത്രക്കിടയില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അനസിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം ഹരിയാനയിലെ കല്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. നിയമനടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ഹരിയാനയിലേക്ക് തിരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel