ഇന്ത്യൻ ഫുട്ബോളിലെ ക്യാപ്റ്റൻ ഹീറോ സുനിൽ ഛേത്രിക്ക് (Sunil Chhetri) ഇന്ന് 38-ാം പിറന്നാൾ. കഴിഞ്ഞ 17 വർഷമായി ദേശീയ ടീമിന്റെ ഹൃദയമാണ് സുനിൽ ഛേത്രി.
സുനിൽ ഛേത്രി എന്നത് ഇന്ത്യൻ ഫുട്‌ബോളിന് വെറുമൊരു പേരല്ല, കഴിഞ്ഞ 17 വർഷമായി ഇന്ത്യൻ ഫുട്ബോളിൻറെ എല്ലാമെല്ലാമാണ് സുനിൽ ഛേത്രി. ഇന്ന് 38-ാം വയസിലേക്ക് കടക്കുമ്പോഴും ഛേത്രി എന്ന നായകനും മുന്നേറ്റ താരവുമില്ലാത്ത ഇന്ത്യൻ ടീമിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കാനാകില്ല.
അന്താരാഷ്ട്ര ഫുട്‌ബോളിൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും ഒപ്പം ചേർത്തുവെയ്ക്കുകയാണ് ഛേത്രിയെ.
129 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ. ഗോൾ വേട്ടയുടെ കാര്യത്തിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്നും മുൻ നിരയിലുണ്ട് ഇന്ത്യൻ നായകൻ. കളിക്കളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാതൃകയാക്കുന്ന ഛേത്രി 2005 ജൂൺ 12ന് പാകിസ്ഥാനെതിരെയാണ് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയത്.
പാകിസ്ഥാനിലെ ക്വെറ്റയിൽ നടന്ന മത്സരത്തിൽ ഗോളടിച്ച് വരവറിയിച്ച ഛേത്രി ആ ടൂർണമെൻറിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കി.പിന്നീടങ്ങോട്ട് ഇന്ത്യൻ ഫുട്‌ബോൾ ടീമിൻറെ അവിഭാജ്യ ഘടകമായ ഛേത്രി 2012 മുതൽ ദേശീയ ടീം നായകനാണ്.
ബൈച്ചുങ്ങ് ബൂട്ടിയക്ക് ശേഷം ഇന്ത്യക്കായി 100 മത്സരങ്ങൾ പൂർത്തിയാക്കിയ താരമെന്ന ബഹുമതിയും ഛേത്രിക്ക് സ്വന്തം. നേപ്പാളി വംശജരുടെ മകനായി 1984 ഓഗസ്റ്റ് മൂന്നിന് സെക്കന്തരാബാദിലാണ് ഛേത്രിയുടെ ജനനം.2002 ൽ മോഹൻ ബഗാനിൽ നിന്നാണ് ഛേത്രി ദേശീയ ടീമിലെത്തുന്നത്.
പ്രമുഖ വിദേശ ക്ലബിന് വേണ്ടി ബൂട്ടണിയുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും ഛേത്രിയുടെ പേരിലുണ്ട്. 2010ൽ കൻസാസ് സിറ്റി വിസാർഡിനായും 2012ൽ പോർച്ചുഗീസ് ക്ലബ് സ്‌പോർട്ടിങ് ലിസ്‌ബണിന് വേണ്ടിയും ഛേത്രി ബൂട്ടണിഞ്ഞു. 2012ലാണ് പോർച്ചുഗീസ് മേജർ ക്ലബായ സ്‌പോർട്ടിങ്ങ് ലിസ്‌ബണുമായി ഛേത്രി കരാർ ഒപ്പിട്ടത്. മോഹൻ ബഗാൻറെ മുൻ പരിശീലകൻ സുബ്രതോ ഭട്ടാചാര്യയുടെ മകൾ സോനം ഭട്ടാചാര്യയാണ് സുനിൽ ഛേത്രിയുടെ ഭാര്യ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.