ജെന്‍ഡര്‍ ന്യൂട്രാലിറ്റിയോട്(Gender Neutrality) മുഖം തിരിഞ്ഞു നില്‍ക്കുന്ന മനോഭാവം മാറി വരുന്നുണ്ടെങ്കിലും ഈ കണ്‍സപ്റ്റിനെ പൂര്‍ണമായി ഗ്രഹിക്കാന്‍ കേരളസമൂഹത്തിനായിട്ടില്ല. തുല്യനീതിയെന്നും സ്വാതന്ത്ര്യമെന്നും പറയുമ്പോഴും പാട്രിയാര്‍ക്കല്‍ ചിന്തകളില്‍ നിന്നും മോചനം കിട്ടാത്ത ഒരു വലിയ വിഭാഗം നമ്മുടെ ഇടയിലുണ്ട്. തേച്ചു മിനുക്കിയ ഷാളുകളും പിന്നിയിട്ട നീണ്ട മുടികളും മതി പെണ്‍കുട്ടികള്‍ക്ക് എന്ന് ചിന്തിക്കുന്നവര്‍. ഇവിടെയാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി ചോദ്യം ചെയ്യപ്പെടുന്നതും. വേര്‍തിരിവില്ലാത്ത, തുല്യതയുടെ രാഷ്ട്രീയമാണ് കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആര്‍ജിച്ചെടുക്കേണ്ടത്. അതിനാല്‍ തന്നെയാണ് ലിംഗഭേധമില്ലാത്ത യൂണിഫോം എന്ന ആശയത്തിലേക്ക് കേരളത്തിലെ പല സ്‌കൂളുകളും മാറി ചിന്തിച്ചതും.
വിദ്യാര്‍ത്ഥികളിലെ സാമ്പത്തികപരമായ ഏറ്റക്കുറച്ചിലുകള്‍ വസ്ത്രത്തില്‍ പ്രതിഫലിക്കാതിരിക്കാനാണ് ‘യൂണിഫോം’ എന്ന ആശയം ഉടലെടുക്കുന്നത് തന്നെ. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ വസ്ത്രം ധരിയ്ക്കാമെങ്കില്‍ അവര്‍ ഇഷ്ടനിറത്തിലുള്ള വസ്ത്രം ധരിച്ച് വിദ്യാലയത്തില്‍ വരട്ടെയെന്നൊക്കെ പറയുന്നവര്‍ അല്പമൊന്നു ചിന്തിച്ച് അഭിപ്രായം പറഞ്ഞാല്‍ നന്നായിരിക്കും. ഒരു കാലത്ത് വനിതാ പൊലീസുമാര്‍ ധരിച്ചിരുന്നത് സാരി ആയിരുന്നെങ്കില്‍ ഇന്ന് ജോലിയ്ക്ക് അനുയോജ്യമായ, തങ്ങള്‍ക്ക് കംഫര്‍ട്ടായ വസ്ത്രമാണ് ധരിക്കുന്നത്. ഹോസ്പിറ്റലുകളിലും മറ്റും ജോലി ചെയ്യുന്നവരും ഇത്തരത്തില്‍ ഒരേ വേഷരീതി പിന്തുടരുന്നു. ഈ മുന്നേറ്റങ്ങളെല്ലാം വന്നത് ഒരു മാറ്റത്തില്‍ നിന്ന് തന്നെയാണ്.
ഏതു ജെന്‍ഡര്‍ ആണെങ്കിലും കംഫര്‍ട്ടബിള്‍ ആയി ധരിയ്ക്കാവുന്ന വസ്ത്രമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം. ഇതു മനസിലാക്കാതെ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ വസ്ത്രം ധരിയ്ക്കാമെങ്കില്‍ പുരുഷന്മാര്‍ സാരിയും ചുരിദാറും ധരിയ്ക്കട്ടെ എന്ന് പറയുന്നതിനെ ശുദ്ധ മണ്ടത്തരമെന്നല്ലാതെ വേറെന്ത് പറയാന്‍. ജനപ്രതിനിധികളടക്കം ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് എന്ത് കഷ്ടമാണ്?
തുല്യത വസ്ത്രങ്ങളില്‍ മാത്രം മതിയോ എന്ന് ചോദിക്കുന്നവരുണ്ട്. എല്ലാ മേഖലകളിലും ഈ തുല്യത അനിവാര്യമാണ്. എന്നാല്‍, നാളെയുടെ സമൂഹം ഇന്നത്തെ കുട്ടികളാണ്. ചെറിയ പ്രായത്തില്‍ത്തന്നെ അവരുടെ ചിന്താഗതികളെ നേര്‍വഴിയ്ക്ക് നയിക്കുന്നതില്‍ ഇത്തരം കുഞ്ഞു തീരുമാനങ്ങള്‍ വലിയ പ്രാധാന്യമാണ് വഹിക്കുന്നത്. പെണ്‍കുട്ടികളെന്നാല്‍ അടങ്ങിയൊതുങ്ങി നില്‍ക്കേണ്ടവരാണ് എന്നതിനപ്പുറം ഏവരും തുല്യരാണ് എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ പ്രസക്തമാകുകയാണ് ഇവിടെ.
Get real time update about this post categories directly on your device, subscribe now.