തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞു. ദുല്‍ഖറിനെ പറ്റി നടന്‍ പ്രഭാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റവും സുന്ദരനായ നടനാണെന്ന് നടന്‍ പ്രഭാസ്. സീതാരാമം എന്ന സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു പ്രഭാസ്.
“‘സീതാരാമം’ ട്രെയ്‌ലര്‍ അതിമനോഹരമായിരുന്നു. ദുല്‍ഖറാണ് ഏറ്റവും സുന്ദരനായ നായകന്‍. മൃണാല്‍ താക്കൂറും രശ്മിക മന്ദാനയും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സ്വപ്‌ന ദത്തയെപ്പോലെ സിനിമയെ സ്‌നേഹിക്കുന്ന ഒരു നിര്‍മാതാവിനെ ലഭിച്ചതും ഭാഗ്യമാണ്. തിയേറ്ററില്‍ കാണേണ്ട സിനിമയാണിത്. സിനിമ വ്യവ്യസായത്തിന്റെ ക്ഷേത്രമാണ് തിയേറ്ററുകള്‍.” പ്രഭാസ് പറഞ്ഞു.
പ്രഭാസ് ചടങ്ങിന് വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. നിര്‍മാതാവ് ദത്തയെയും സംവിധായകന്‍ ഹനുരാഘവ പുടിയെയും ദുല്‍ഖര്‍ പ്രശംസിച്ചു. തന്നെ സംബന്ധിച്ച് ‘സീതാരാമം’ ഏറെ പ്രത്യേകതയുള്ള ചിത്രമാണ്. ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും മനോഹരമായി അഭിനയിച്ചു- ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം, പ്രഭാസിന്റെ വാക്കുകള്‍ക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ”പ്രഭാസ് ദുല്‍ഖറിന്റെ അച്ഛനെ കണ്ടിട്ടില്ലേ” യെന്നാണ് ആരാധകരില്‍ നിന്ന് ഉയരുന്ന ചോദ്യം. മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാലങ്ങളായി സിനിമ മേഖലയില്‍ നിറഞ്ഞു കേള്‍ക്കുന്ന ഒന്നാണ്.
ആഗസ്റ്റ് 5 ന് റിലീസിന് എത്തുന്ന ചിത്രം എല്ലാവരും തീയറ്ററുകളില്‍ തന്നെ പോയി കാണണമെന്ന് പ്രഭാസ് പറഞ്ഞു. ചടങ്ങിന് എത്തിയ പ്രഭാസിനോട് നന്ദി പറയാനും ദുല്‍ഖര്‍ മറന്നില്ല.
ഹനു രാഘവപുടിയാണ് ‘സീതാരാമ’ ത്തിന്റെ സംവിധായകന്‍. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ ദുല്‍ഖറിന് പുറമെ മൃണാള്‍ ഠാക്കൂര്‍, രശ്മിക മന്ദാന, ഗൗതം മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.