ലഹരിയടിച്ച മെഡല്‍ വേണ്ട; ദേശീയ ഉത്തേജക വിരുദ്ധ ബില്‍ പാസാക്കി

ദേശീയ ഉത്തേജക വിരുദ്ധ ബില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ സ്വന്തമായി ഉത്തേജക വിരുദ്ധ നിയമം ഉള്ള അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഉത്തേജക മരുന്ന് പരിശോധനയില്‍ രാജ്യത്തെ അത്‌ലറ്റുകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ബില്‍ കൊണ്ടുവന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിലെ അഞ്ച് പേരാണ് ഉത്തേജക വിരുദ്ധ പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതിന് പിന്നാലെ നാഷണല്‍ ഡോപ് ടെസ്റ്റിംഗ് ലാബിന്റെ അംഗീകാരം അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്ത സംഭവം രാജ്യത്തിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സത്വര നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ബില്ലിനെ പിന്തുണച്ച ഒളിമ്പ്യന്‍ പി.ടി ഉഷ കായിക രംഗത്ത് ലോകത്തെ ഏറ്റവും വലിയ ഉത്തേജക നിയമ ലംഘകരില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടി.ലോക്സഭ പാസാക്കിയ ദേശീയ ഉത്തേജക വിരുദ്ധ ബില്ലിന്, നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് രാജ്യസഭയും അംഗീകാരം നല്‍കിയത്. ദേശിയ ഉത്തേജക വിരുദ്ധ ഏജന്‍സി , ദേശീയ ഉത്തേജക പരിശോധനാ ലബോറട്ടറി, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതാണ് പാര്‍ലമെന്റില്‍ പാസാക്കിയ ബില്‍. നിലവില്‍ ദേശീയ ക്യാമ്പുകളില്‍ ഉള്‍പ്പെടെയുള്ള ഉത്തേജക കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരെ പരിശോധന നടത്തി പിടികൂടാന്‍ നാഡയ്ക്ക് അധികാരമില്ല. എന്നാല്‍ ഇനി മുതല്‍ ഉത്തേജക വിരുദ്ധ നിയമ ലംഘനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള അധികാരം നാഡയ്ക്ക് ഉണ്ടാകും.

ഉത്തേജക വിരുദ്ധ നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് സര്‍ക്കാറിന് ശുപാര്‍ശകള്‍ നല്‍കാന്‍ ദേശീയ ഉത്തേജക വിരുദ്ധ കായിക ബോര്‍ഡ് നിലവില്‍ വരും. നാഡയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക ഈ ബോര്‍ഡ് ആയിരിക്കും. ഉത്തേജക വിരുദ്ധ നിയമ ലംഘനം കായിക താരത്തെ പൂര്‍ണമായി അയോഗ്യനാക്കും.പാര്‍ലമെന്റ് പുതിയതായി പാസാക്കിയ ഈ ബില്ലിലെ വ്യവസ്ഥകള്‍ സ്വാഗതം ചെയ്യുമ്പോഴും, നിര്‍ദ്ദിഷ്ട ദേശീയ ഉത്തേജക വിരുദ്ധ ബോര്‍ഡിന്റെ നിഷ്പക്ഷതയെ ചൊല്ലിയുള്ള ആശങ്കകളില്‍ നിന്നും കായിക ലോകം മുക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News