Heavy Rain: മഴ തുടരുന്നു; ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത് 6411 പേരെ

മഴ ശക്തമായതോടെ(Heavy Rain) വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. സംസ്ഥാനത്ത് ഇതുവരെ 6411 പേരെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. തൃശൂരില്‍(Thrissur) തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളില്‍ ഇതുവരെ 1685 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പത്തനംതിട്ടയില്‍ 43 ക്യാംപുകളിലായി 1017 പേരും കോട്ടയത്ത്(Kottayam) 45 ക്യാംപുകളിലായി 1075 പേരും കഴിയുന്നുണ്ട്.

തിരുവനന്തപുരത്ത്(Thiruvananthapuram) മൂന്നു ക്യാംപുകളിലായി 43 പേരെയും ആലപ്പുഴയില്‍(Alappuzha) 15 ക്യാംപുകളിലായി 289 പേരെയും ഇടുക്കിയില്‍ എട്ടു ക്യാംപുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാംപുകളിലായി 753 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്. പാലക്കാട് അഞ്ചു ക്യാംപുകളിലായി 182 പേരാണുള്ളത്. മലപ്പുറത്ത് നാലു ക്യാംപുകളില്‍ 66 പേരെയും കോഴിക്കോട് 11 ക്യാംപുകളില്‍ 359 പേരെയും വയനാട് 11 ക്യാംപുകളില്‍ 512 പേരെയും കണ്ണൂരില്‍ നാലു ക്യാംപുകളിലായി 217 പേരെയും കാസര്‍ഗോഡ് ഒരു ക്യാംപില്‍ 53 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ അപകട മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണന്‍ രംഗത്തത്തി. ദുരന്തബാധിത മേഖലകള്‍ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാല്‍ സ്ഥലം കാണാന്‍ ഈ സമയം ആരും വരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. 2018ലെ പ്രളയത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നല്ല മുന്നൊരുക്കം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കേരളത്തിലെ നാലു നദികളില്‍ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍ രംഗത്തെത്തിയിട്ടുണ്ട്. മീനച്ചലാര്‍, മണിമലയാര്‍, പമ്പയാര്‍, അച്ചന്‍കോവിലാര്‍ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ പറഞ്ഞ നാല് നദികള്‍ ഉള്‍പ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയര്‍ ഡാമുകളില്‍ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷന്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here