Moneychain: മണിചെയിന്‍; 50 കോടി തട്ടിയ സംഘത്തതലവന്‍ മലപ്പുറത്ത് പിടിയില്‍

സംസ്ഥാനത്ത് മണിചെയിന്‍(Moneychain) തട്ടിപ്പ് വ്യാപകമാകുന്നു. 50 കോടിയോളം രൂപ തട്ടിയ അന്തര്‍ സംസ്ഥാന സംഘത്തിലെ തലവന്‍ മലപ്പുറത്ത് പിടിയില്‍. പാലക്കാട്(Palakkad) പട്ടാമ്പി സ്വദേശി കള്ളിയത്ത് രതീഷ് ചന്ദ്രന്‍ ആണ് പിടിയിലായത് . തട്ടിപ്പ് സംഘത്തിന്റെ മോഹന വാഗ്ദാനത്തില്‍പ്പെട്ടും ഉടന്‍ പണമുണ്ടാക്കാമെന്ന അതിമോഹവും കാരണം നിരവധി പേരാണ് ഇത്തരം കെണിയില്‍ പെടുന്നത്. മലബാര്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പ് നടത്തിയ സംഘത്തിലെ തലവനെ മലപ്പുറം കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി സ്വദേശി കള്ളിയത്ത് രതീഷ് ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.

കേരളത്തെ കൂടാതെ തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. 35,000ത്തിലേറെ സാധാരണക്കാരാണ് ഇവരുടെ കെണിയില്‍പ്പെട്ടത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. മള്‍ട്ടിലെവല്‍ ബിസിനസ് നടത്തുന്ന ചിലരെയും കൂട്ടുപിടിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും വലിയ ശമ്പളത്തില്‍ എക്സിക്യൂട്ടീവുമാരെ നിയമിച്ചു. 11,250 രൂപ കമ്പനിയില്‍ അടച്ചു അംഗമാകുന്നവര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ 10 തവണകളിലായി 2,70,000 രൂപ ലഭിക്കുമെന്നായിരുന്നു അവകാശവാദം.

കൂടാതെ ബോണസായി 81 ലക്ഷം രൂപയും കമ്മീഷനായി 20 ശതമാനവും ലഭിക്കുമെന്നും കമ്പനി പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഒരാളെ ചേര്‍ത്താല്‍ അക്കൗണ്ടില്‍ 2000 രൂപ എത്തും. കമ്പനിയുടെ മോഹനവാഗ്ദാനത്തില്‍ ഗള്‍ഫിലുള്ളവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെട്ടിരുന്നു. രതീഷിനെ സമാന തട്ടിപ്പ് നടത്തിയതിന് മുന്‍പും പിടികൂടിയിട്ടുണ്ട്. കോഴിക്കോട്ടെ ഫ്ളാറ്റില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പിടിയിലായത്. സംഭവത്തില്‍ കൂട്ടാളികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News