നീന്തല്‍ അറിയാം എന്ന ഒറ്റക്കാരണത്താല്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടരുത്: രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങുന്നവരോട് ലെഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജ്

2018 ലെ പ്രളയത്തില്‍ ചെങ്ങന്നൂര്‍, പാണ്ടനാട്, പുത്തന്‍കാവ്, അപ്പര്‍ കുട്ടനാട്, ആലപ്പുഴ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്, ലെഫ്റ്റന്റ് കേണല്‍ ഹേമന്ദ് രാജ് ആയിരുന്നു. ഈ സേവനങ്ങള്‍ക്ക് 2019-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അദ്ദേഹം അര്‍ഹനായി. പെട്ടിമുടി മണ്ണിടിച്ചില്‍ പ്രദേശത്തും കേണല്‍ ഹേമന്ത് രാജ്  സേവനം രാജ്യം കണ്ടു. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തത്തിലും ഹേമന്ദ് രക്ഷാ പ്രവര്‍ത്തനം നടത്തി.

2020 ചെന്നൈയില്‍ നടന്ന റിപ്പബ്ലിക് പരേഡ് ദിനത്തില്‍ മദ്രാസ് റജിമെന്റിനെ നയിച്ചതും കേണല്‍ ഹേമന്ദ് രാജ് ആയിരുന്നു. ഏറെ കാലത്തിനു ശേഷം ഒരു മലയാളി ചെന്നൈയില്‍ പരേഡ് നയിക്കുന്നത് അന്നാണ്. ലഫറ്റനന്റ് കേണല്‍ ഹേമന്ദ് രാജ് വീണ്ടും രക്ഷകനായി എത്തിയത് മലയിടുക്കില്‍ പെട്ട ബാബുവിന്റെ അരികില്‍.ബാബുവിനെ ജീവിതത്തിലേക്ക് നയിച്ച ടീം ലീഡര്‍.

ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ പ്രളയം അടക്കം നിരവധി പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഹേമന്ദ് രാജ്
പറയുന്നു രക്ഷാ പ്രവര്‍ത്തനങ്ങള്‍ കരുതലോടെ ആവണമെന്ന്.

രക്ഷാ ദൗത്യത്തിന്(Rescue Operation) ഇറങ്ങുന്നവരോട് കുറച്ചു ദിവസമായി പറയണമെന്ന് കരുതുന്ന കാര്യമാണ് ഇപ്പോള്‍ ഇവിടെ കുറിക്കുന്നത് .2018 ഇല്‍ വെള്ളപ്പൊക്കത്തെക്കുറിച്ച്  കാര്യമായ ബോധ്യം കേരളത്തില്‍ പലര്‍ക്കും ഇല്ലാതിരുന്നത് കൊണ്ടു തന്നെ മുന്നറിയിപ്പ് നല്‍കിയിയിട്ടും സ്വന്തം വീട്ടില്‍ നിന്ന് മാറാന്‍ പലരും തയ്യാറായിരുന്നില്ല.നിമിഷങ്ങള്‍ കൊണ്ട് വെള്ളം വിഴുങ്ങിയ ആ ദിവസങ്ങളെ നമ്മള്‍ മനഃശക്തികൊണ്ടും, ഒത്തൊരുമകൊണ്ടും നേരിട്ടു എന്നത് മറ്റൊരു സത്യം .ഇന്ന് അലെര്‍ട്കള്‍ മാറി മാറി വരുമ്പോള്‍ നമ്മള്‍ എല്ലാവരും ജാഗരൂകരാണ്. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ദുരന്ത നിവാരണസേന രക്ഷപ്രവര്‍ത്തനത്തിനിറങ്ങ്ങ്ങുന്നത് നീണ്ട നാളുകളായി നടത്തുന്ന ട്രെയിനിങ്ങ്ങുകള്‍ക്കും റിഹേഴ്‌സലുകള്‍ക്കും ശേഷമാണ്.രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതിയെ കുറിച്ച് കൃത്യമായ ബോധ്യവും, അതിനാവശ്യമായ ഉപകരണങ്ങളും അവരുടെ കൈയിലുണ്ടാകും.വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഇങ്ങനെ ദുരന്തങ്ങളുടെ രീതി മാറുന്നതിനനുസരിച്ച് ഓരോ രീതിയില്‍ ആയിരിക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും.

എന്നാല്‍ ട്രൈനിങ്ങിനപ്പുറം മനുഷ്യ സ്‌നേഹത്തിന്റെ ബലത്തില്‍ ദുരന്തസേനയ്‌ക്കൊപ്പം ചേരുന്ന, അല്ലെങ്കില്‍ സ്വയം രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങി പുറപ്പെടുന്ന ഒട്ടേറെ നാട്ടുകാര്‍ ഉണ്ടാവും.അവരോടാണ് എനിക്ക് സംസാരിക്കാനുള്ളത്.

1.നീന്തല്‍ അറിയാം എന്ന ഒറ്റക്കാരണത്താല്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടരുത് എന്നാണ് ആദ്യം പറയാനുള്ളത്. വെള്ളത്തിന്റെ ഒഴുക്കോ അടിയോഴുക്കോ നമുക്കള ക്കാനാവില്ല. ആഴത്തിലേക്ക് എപ്പോഴാണ് വെള്ളം നമ്മെ പിടിച്ചു വലിക്കുക എന്നൊന്നുമറിയില്ല. അതുകൊണ്ട് നേരെ എടുത്ത് ചാടാതെ എന്തെങ്കിലും കയര്‍ പോലെയുള്ള സാധങ്ങള്‍ എറിഞ്ഞു കൊടുത്ത് രക്ഷിക്കാന്‍ നോക്കുക എന്നതാണ് ആദ്യം നോക്കേണ്ട രീതി. ഞങ്ങളുടെ ഭാഷയില്‍ Reach and Throw method എന്ന് പറയും.ഒപ്പം കൈയില്‍ മൂര്‍ച്ചയുള്ള (കത്തി പോലെയുള്ള )വസ്തുക്കള്‍, കയറുകള്‍, ഫ്‌ലോട്ട് ചെയ്തു കിടക്കുന്ന വസ്തുക്കള്‍ എന്നിവയും കരുതാം.

2.രക്ഷിക്കാനായി വെള്ളത്തില്‍ ഇറങ്ങിയേ പറ്റു എന്നുണ്ടെങ്കില്‍ സ്വയം ഒരു റോപ്പ് /കയര്‍ ശരീരത്തില്‍ ചുറ്റി, റോപ്പിന്റെ അറ്റത്തായി ഫ്‌ളോട് ചെയ്തു കിടക്കാനുള്ള വസ്തുക്കള്‍ കെട്ടിയിടുക.കന്നാസ് പോലെയുള്ള വസ്തുക്കള്‍, വണ്ടിയുടെ ടയര്‍ ഒക്കെ ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്.

3.സ്വയം മരത്തിലോ കട്ടിയുള്ള ഏതെങ്കിലും പ്രതലത്തിലോ ബന്ധിച്ച ശേഷവും വെള്ളത്തില്‍ ഇറങ്ങാം. ആദ്യം ചെയ്യേണ്ടത് സ്വയം രക്ഷക്കുള്ള മുന്‍കരുതല്‍ എടുക്കുക എന്നതാണ്. മല്ലിക സുകുമാരനെ ഉരുളിയില്‍ കയറ്റി എന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ അറിയുക വെള്ളത്തില്‍ ഒരാളെ കരയ്‌ക്കെത്തിക്കാന്‍ ഏറ്റവും നല്ലമാര്‍ഗം ബിരിയാണി ചെമ്പ് പോലെയുള്ള വലിയ പാത്രങ്ങളാണ്. വീട്ടിലുള്ള കന്നാസുകളും ടയരുകളും വരെ ഞങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാറുണ്ട്.

4.വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ പൊക്കിയെടുക്കുമ്പോള്‍ തലമുടിയില്‍ പിടിച്ചു കയറ്റാന്‍ ഓര്‍മിക്കുക.

5.അപകട സ്ഥലത്തേക്ക് എടുത്തു ചാടുന്നതിനു മുന്‍പ് ആലോചിക്കുക സ്വന്തം ജീവന് കൂടി കരുതല്‍ വേണമെന്ന്.ഹീറോയിസം കളിക്കാനുള്ള അവസരമായി ദുരന്തങ്ങളെ കാണരുത്. വെള്ളത്തില്‍ ഒഴുകി വരുന്ന തടിപിടിച്ച് സിനിമസ്‌റ്റൈല്‍ റീലുകള്‍ ഉണ്ടാക്കുന്നവര്‍ സ്വന്തം ജീവനെ മാനിക്കുന്നില്ല എന്ന് മാത്രമല്ല മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലെക്കുള്ള യാത്രയും കളികളും കുളിയുമൊക്കെ ദയവ് ചെയ്ത് ഒഴിവാക്കുക.അതൊക്കെ പിന്നെയും ആകാം.

6.അപകട സാധ്യത ഉള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യാവുന്ന കാര്യം.
അലെര്‍ട്ടുകള്‍ ലഭിച്ചാല്‍ മണ്ണിടിച്ചില്‍ അല്ലെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.

7.മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് വെള്ളം കയറിയേക്കാവുന്ന സ്ഥലങ്ങള്‍ താമസിക്കുന്നവര്‍ക്ക് അറിയാന്‍ കഴിയും. ആ സ്ഥലങ്ങളില്‍ ഉള്ളവരെ ആദ്യം ഒഴിപ്പിക്കുക.ഏതു നാട്ടിലും
ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒരു സ്‌കൂളോ മറ്റു കെട്ടിടങ്ങളോ ഒക്കെയുണ്ടാകും. വീടിനെ കുറിച്ചോ വീട്ടുപകരണങ്ങളെ കുറിച്ചോ ആലോചിക്കാതെ മാറാന്‍ തീരുമാനിക്കുക.

ദുരന്തദിനങ്ങളില്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തിയാല്‍ വരും ദിവസങ്ങളില്‍ എന്തിനെയും തിരിച്ചു പിടിക്കാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News