സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനൊരു ഇന്റീരിയർ ഡിസൈനർ ആകുമായിരുന്നുവെന്ന് ബോളിവുഡ് താരം ദീപിക പദുകോൺ(Deepika Padukone). മുംബൈ(mumbai)യിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. വളരെ ക്രിയേറ്റീവ് ആയിട്ടുള്ള ഈ മേഖല തന്നെ ആകർഷിച്ചിട്ടുണ്ടെന്നും വിദേശത്ത് പോയി വിദഗ്ധ പരിശീലനം നേടുവാൻ വരെ ചിന്തിച്ച നാളുകൾ ഉണ്ടായിരുന്നുവെന്നും ദീപിക പറയുന്നു.
ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ വലിയ ബുദ്ധിമുട്ടാണെന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും പീക്കുവിലെ അഭിനയം ഏറെ ചർച്ച ചെയ്യപ്പെട്ടുവെന്ന് ദീപിക പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസതാരം അമിതാഭ് ബച്ചനോടൊപ്പമാണ് താൻ സ്ക്രീൻ സ്പേസ് പങ്കിട്ടതെന്നും അതൊരു വലിയ വെല്ലുവിളിയായിരുന്നുവെന്നും ദീപിക വ്യക്തമാക്കി. ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയതിൽ വലിയൊരു പങ്ക് ബച്ചനുമായുള്ള അഭിനയ മുഹൂർത്തങ്ങളിലെ കൊടുക്കൽ വാങ്ങലുകളായിരുന്നുവെന്നും ദീപിക പറഞ്ഞു.
ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ ദീപിക ഒരു സൗത്ത് ഇന്ത്യൻ എന്ന നിലയിൽ പരമ്പരാഗത സ്വർണാഭരണങ്ങളോടുള്ള താല്പര്യവും മറച്ച് വച്ചില്ല. അമ്മയുടെ ശേഖരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളിൽ പലതും താൻ ധരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കുട്ടിക്കാലം ഓർത്തെടുത്ത് ദീപിക പറഞ്ഞു. ടെംപിൾ ജ്വല്ലറി സെറ്റുകളാണ് തന്നെ ഏറെ ആകർഷിച്ചിട്ടുള്ളതെന്നും ദീപിക പറയുന്നു.
ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറെ പ്രിയം ചോറും രസവുമാണെന്ന് പറഞ്ഞ ദീപിക രസം കൈയിലൊഴിച്ചു കുടിക്കുന്നതാണ് ശീലമെന്ന് സദസ്സിനെ അഭിനയിച്ച് കാണിച്ചു.
ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിലെ കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ നടിമാരിൽ പ്രധാനിയാണ് ദീപിക പദുക്കോൺ. ടെലിവിഷൻ പരസ്യങ്ങളിലൂടെയും മോഡലിംഗിലൂടെയും രംഗത്തെത്തിയ നടി പിന്നീട് ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിൽവർ സ്‌ക്രീനിലെത്തുന്നത്.
ഓം ശാന്തി ഓം, ചെന്നൈ എക്‌സ്‌പ്രസ്, രാം ലീല, ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങിയ മികച്ച ചിത്രങ്ങളുടെ ഭാഗമായ നടി, ഛപാക്, ഫൈൻഡിംഗ് ഫാനി, പിക്കു തുടങ്ങിയ മികച്ച സിനിമകളുടെയും ഭാഗമാണ്.
വേൾഡ് ഗോൾഡ് കൗൺസിലുമായി സഹകരിച്ച് ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു ദീപിക.
വ്യത്യസ്തത സൃഷ്‌ടിക്കുന്നതിൽ നിർണായക സംഭാവന നൽകിയ ആളുകളെ ആദരിക്കുന്നതായിരുന്നു പരിപാടി. തിളങ്ങുന്ന കറുത്ത സാരി ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. ചടങ്ങിൽ നടന്ന സംവാദ പരിപാടിയിലാണ് ദീപിക പദുകോൺ മനസ്സ് തുറന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.