ആരുടെ നേട്ടങ്ങളുടെ ദിനമാണ് ആഗസ്റ്റ് 5

ഇന്ന് ആഗസ്റ്റ് 5.. 3 വര്‍ഷം മുമ്പുള്ള ഇതേ ദിവസമായിരുന്നു ഇന്ത്യയില്‍ കേന്ദ്രത്തിന്റെ ഒരു നിര്‍ണായക ഏകാധിപത്യ തീരുമാനം നടപ്പിലാക്കിയത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും ഇല്ലാതായിട്ട് ഇന്ന് 3 വര്‍ഷം തികയുകയാണ്. 2019 ഓഗസ്റ്റ് 5ന് ആണ് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചത്.

ഭരണഘടനയിലെ 370 വകുപ്പു പ്രകാരമുള്ള പ്രത്യേക പദവിയും 1954മുതല്‍ കശ്മീരിന് നല്‍കിയ എല്ലാ പ്രത്യേകാവകാശങ്ങളും അതോടൊപ്പം ഇല്ലാതാക്കി. ആഗസ്ത് അഞ്ചിന് സംഘപരിവാറും ബിജെപിയും നല്‍കിയിരിക്കുന്നത് ‘നേട്ടങ്ങളുടെ ദിന’മെന്ന നിര്‍വചനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേട്ടങ്ങളുടെ ദിനമെന്ന് ഈ ദിവസത്തെ ആദ്യം വിശേഷിപ്പിച്ചത്.

എന്നാല്‍ അവിടെയും തീര്‍ന്നില്ല കേട്ടോ…കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി ലഡാക്കെന്നും കശ്മീരെന്നും രണ്ട് കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചു. സാമുദായികവും ജനസംഖ്യാപരവുമായ ഒരു വിഭജനം. ഒന്നാലോചിച്ചു നോക്കൂ… ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എല്ലാ പ്രതിപക്ഷ നേതാക്കളെയും തടവിലിട്ടും ജനാധിപത്യത്തെ ചവിട്ടിയരച്ചും സാധാരണക്കാരുടെ വായ മൂടിക്കെട്ടിയും തന്റെ ലക്ഷ്യങ്ങളിലേക്ക് ജനങ്ങളുടെ ചോരയില്‍ ചവിട്ടി കേന്ദ്രം നടന്നുകയറി.

അങ്ങനെ ജനാധിപത്യ രാജ്യത്ത് ജനങ്ങളെ അടിച്ചമര്‍ത്തി കേന്ദ്രം നേടിയ നേട്ടങ്ങളുടെ ദിനം കൂടിയായിരുന്നു ആഗസ്റ്റ് 5. കശ്മീരിന്റെ സമാധാനം പുനഃസ്ഥാപിക്കാനായിരുന്നു ഈ നീക്കമെന്ന് ബിജെപിയും കേന്ദ്രവും ന്യായീകരിക്കുമ്പോഴും കേന്ദ്രത്തിന്റെ കൈപൊള്ളുന്നത് കണ്‍മുന്നില്‍ കണ്ടവരായിരുന്നു നമ്മള്‍. കശ്മീരില്‍ നാള്‍ക്കുനാള്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു.

2021 ഫെബ്രുവരി മുതല്‍ തന്ത്രംമാറ്റിയ ഭീകരസംഘടനകള്‍ ന്യൂനപക്ഷവിഭാഗങ്ങളായ കശ്മീരി പണ്ഡിറ്റുകളെയും ഡോഗ്രകളെയും ദളിത് ഹിന്ദുക്കളെയും തിരഞ്ഞുപിടിച്ച് വധിക്കാനാരംഭിച്ചു. എന്നാല്‍ ആകെ കണക്കുകളില്‍ കൂടുതല്‍ കൊല്ലപ്പെട്ടത് കശ്മീരി മുസ്ലിങ്ങള്‍ തന്നെയാണ് എന്നതാണ് വസ്തുത. ഭീകരരെ തുടച്ചുനീക്കിയെന്ന് അവകാശപ്പെടുമ്പോഴും ഭീകരരാല്‍ ഇന്ത്യന്‍ സൈനികരും പോലീസുകാരും കൊല്ലപ്പെടുന്നെന്ന വാര്‍ത്ത നമ്മള്‍ നിരന്തരം കേള്‍ക്കുന്നുണ്ട്.

മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതില്‍നിന്ന് അവിടത്തെ പ്രാദേശിക നേതാക്കളെ കേന്ദ്രത്തിന്റെ നടപടി അപ്രസക്തരാക്കി. അവരെ തീവ്രവാദത്തെ തടയാന്‍കഴിയാത്തവിധം അശക്തരാക്കി. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം.

എന്നാല്‍, ഇന്ന് ഭീകരര്‍ക്ക് അവര്‍ പുതുജീവനേകി, കേന്ദ്രം കാട്ടിയ അനീതി ഭീകരര്‍ക്ക് പുനരുജ്ജീവിക്കാനുള്ള വഴിയായി മാറുകയായിരുന്നു. സത്യത്തില്‍ ആരുടെ നേട്ടങ്ങളുടെ ദിനമായിരുന്നു ആഗസ്റ്റ് 5 ? എത്രനാള്‍ ? ഇനിയും എത്രനാള്‍ കേന്ദ്രം നമ്മുടെ വാ മൂടിക്കെട്ടും…. എന്നാല്‍ അങ്ങനെ അടിച്ചമര്‍ത്തിയാലും ഉയര്‍ത്തെഴുനേല്‍ക്കുന്നവരാണ് ഇന്ത്യന്‍ ജനതയെന്ന് കേന്ദ്രം മറക്കുകയാണ് പലപ്പോഴും….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here