Murali : ഭാവാഭിനയം കൊണ്ട് മലയാളമനസില്‍ ചേക്കേറിയ ഭരത് മുരളി ഓർമയായിട്ട് ഇന്നേക്ക് 13 വർഷം

ശബ്ദഗാംഭീര്യം കൊണ്ടും ശരീഭാഷകൊണ്ടും ഭാവാഭിനയംകൊണ്ടും മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ പ്രതിഭ ഭരത് മുരളി ( Murali ) ഓർമയായിട്ട് ഇന്നേക്ക് 13 വർഷം. അഭിനയത്തിന്‍റെ രസതന്ത്രമറിഞ്ഞ മഹാനടന്റെ കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരിൽ നിറഞ്ഞു നിൽക്കുകയാണ്.

സ്വാഭാവിക അഭിനയശൈലികൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പ്രതിഭ, മലയാളത്തിന്റെ സ്വന്തം ഭാരത് മുരളി. ഭാവാഭിനയത്തിന്‍റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രേക്ഷകനെ നയിച്ച മലയാളത്തിന്റെ ഈ മഹാനടൻ ഓർമ്മയായിട്ട് ഇന്നേക്ക് 13 വർഷം.

കൊല്ലം ജില്ലയിലെ കുടവട്ടൂർ ഗ്രാമം ഇന്ത്യൻ ചലച്ചിത്രലോകത്തിന് സമ്മാനിച്ച മുരളിഎന്ന അതുല്യ പ്രതിഭ ജീവൻ നൽകാൻ ഇനിയും ഒരുപിടി സ്വാഭാവിക കഥാപാത്രങ്ങൾ ബാക്കിനിൽക്കവെയാണ് പാതിയിൽ അസ്തമിച്ച സൂര്യനെ പോലെ മടങ്ങിയത്.

വായനശാല പ്രവർത്തനവും ഇടത് രാഷ്ട്രീയപ്രവർത്തനവുമൊക്കെ മുരളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.അഭിനയമോഹം ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെയാണ് സർക്കാർ ഉദ്യോഗസ്‌ഥനായിട്ടും മുരളി അഭിനയത്തിലേക്ക് എത്തിയത്.

യൂണിവേഴ്സിറ്റിയിലെ ജോലിക്കിടയിൽ നടനും നാടകപ്രവർത്തകനുമായ പ്രൊഫ. നരേന്ദ്രപ്രസാദ് രൂപം നൽകിയ നാട്യഗൃഹം എന്ന നാടകവേദിയുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചത്, മുരളിയിലെ നടനെ രാകി മിനുക്കി. നാട്യഗൃഹം മുരളിക്ക് മുന്നിൽ സിനിമലോകത്തിന്‍റെ ജാലകം തുറന്നുകൊടുത്തു.

മുരളിയെ നായകനാക്കി ഭരത് ഗോപി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം.

ചെയ്ത വേഷങ്ങളിലെല്ലാം തന്റെ സ്വതസിദ്ധമായ ചില അടയാളപ്പെടുത്തലുകൾ ഉണ്ടായിരുന്നു ഈ മഹാനാടന്.അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ആയിരം നാവുള്ള അനന്തൻ, കൈക്കുടന്ന നിലാവ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, തൂവൽ കൊട്ടാരം, വരവേല്പ്, കിരീടം, വെങ്കലം, നെയ്ത്തുകാരൻ, കാരുണ്യം അങ്ങനെ മുരളി അഭിനയിച്ച സിനിമകളും ചെയ്ത വേഷങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചു. ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമൻ, വെങ്കലത്തിലെ ഗോപാലൻ മൂശാരി, നെയ്ത്തുകാരനിലെ അപ്പു മേസ്തിരി എന്നിവരെയൊക്കെ മുരളി അനശ്വരനാക്കി.

പ്രേക്ഷകർ നെഞ്ചിലേറ്റുവാങ്ങിയ കഥാപാത്രങ്ങൾ മുരളിക്ക് സമ്മാനിച്ചത് ഇന്ത്യയിലെ മികച്ച നടൻ ഉൾപ്പടെ ഒട്ടനവധി പുരസ്ക്കാരങ്ങളാണ്. വെള്ളിവെളിച്ചത്തിന്‍റെ തിളക്കത്തിലും നടന്നുവന്ന വഴി മറക്കാത്ത കലാകാരനായിരുന്നു മുരളി.

ആടി തീർക്കാൻ ഒരുപിടി വേഷങ്ങൾ ബാക്കിവച്ചാണ് 2009 ഓഗസ്റ്റ് 6 ന് മുരളിയുടെ ജീവിതത്തിന് തിരശീല വീണത്. മുരളിയ്ക്കു ശേഷം ശബ്ദഗാംഭീര്യം കൊണ്ടും ശരീഭാഷകൊണ്ടും ഭാവാഭിനയംകൊണ്ടും കരുത്തുറ്റ ഒരു കഥാപാത്രത്തിനായുള്ള പ്രേക്ഷകന്‍റെ അന്വേഷണം ഇന്നും തുടരുകയാണ്….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News