കുണ്ടളയിലെ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത് 450 ജീവനുകൾ

പെട്ടിമുടി ദുരന്തത്തിന്റെ വാര്‍ഷിക ദിനത്തിൽ മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത് 450 ജീവനുകൾ.

ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തതാണ് വന്‍ ദുരന്തമൊഴിവാക്കിയത്. ദേവികുളം എം എൽ എ എ രാജയുടെ നേതൃത്വത്തിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മലയിടിഞ്ഞെത്തിയ പ്രദേശത്താകെ 141 കുടുംബങ്ങളാണ് താമസമുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് ആദ്യം കണ്ടത്.

ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റി. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എം.എല്‍.എ എ രാജ പറഞ്ഞു.

ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളുടെ മൂന്നു ദിവസം മുൻപുള്ള ദൃശ്യങ്ങൾ ഇങ്ങനെയായിരുന്നു. വട്ടവട – മൂന്നാര്‍ റോഡില്‍ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാല്‍ റോഡ് പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂര്‍ണമായും ഒറ്റപ്പെട്ടു. മണ്ണ് നീക്കി റോഡ് പഴയപടിയാക്കാൻ സമയമെടുക്കും.

അർധരാത്രിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. 2020 ഓഗസ്റ്റ് 6-ന് രാത്രിയിലായിരുന്നു പെട്ടിമുടിയിലുണ്ടായ വൻ ദുരന്തത്തിൽ 70 ലധികം ആളുകളുടെ ജീവൻ നഷ്ടമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here