Gaza; ഗസ്സയിൽ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; സംയമനം പാലിക്കണമെന്ന് യുഎന്‍

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. അഞ്ചു വയസുകാരി ഉൾപ്പെടെ പത്ത്​ പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. 75ൽ ഏറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ പ്രദേശങ്ങളിലേക്ക്​ പലസ്തീൻ പോരാളികൾ നിരവധി റോക്കറ്റുകൾ അയച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടു. ഈജിപ്തിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥനീക്കവും ഊർജിതമാണ്​.

ഗസ്സയിലെ ജനവാസ കേന്ദ്രത്തിനു നേർക്ക്​ ഇന്നലെ ഉച്ച തിരിഞ്ഞാരംഭിച്ച​ ഇസ്രായേലി​ന്‍റെ വ്യോമാക്രമണം രാത്രിയിലും തുടർന്നു. കുട്ടികളും സ്​ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പലസ്​തീൻ ചെറുത്തുനിൽപ്പ്​ പ്രസ്ഥാനമായ ഇസ്​ലാമിക്​ ജിഹാദി​ന്‍റെ സായുധ വിഭാഗമായ അൽ ഖുദ്​സ്​ ബ്രിഗേഡി​ന്‍റെ കമാൻഡർ തൈസീർ അൽ ജബ്രിയും വധിക്കപ്പെട്ടു. പരിക്കേറ്റവർക്ക്​ ആവശ്യമായ ചികിൽസ നൽകാനുള്ള സംവിധാനം പോലും ആശുപത്രിയിൽ അപര്യാപ്​തമാണെന്ന്​ പലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ മുനമ്പിലെ ഇസ്​ലാമിക്​ ജിഹാദ്​ കേന്ദ്രങ്ങൾക്കു നേരെയാണ്​ ആക്രമണമെന്ന​​ ഇസ്രായേൽ വിശദീകരണം പലസ്​തീൻ സംഘടനകൾ തള്ളി.

പതിവുപോലെ ജനവാസകേന്ദ്രങ്ങളെയാണ്​ സൈന്യം ലക്ഷ്യമിടുന്നതെന്ന്​ അവർ കുറ്റപ്പെടുത്തി. പ്രത്യാക്രമണ ഭാഗമായി ഗസ്സയിൽ നിന്ന്​ നിരവധി റോക്കറ്റുകൾ ഇസ്രായേലിന്​ നേർക്ക്​ അയച്ചു. ഭൂരിഭാഗം റോക്കറ്റുകൾ അയേൺ ഡോം സിസ്​റ്റം പ്രതിരോധിച്ചതായി ഇസ്രായേൽ സൈന്യം വ്യക്​തമാക്കി. അന്യായമായ മറ്റൊരു യുദ്ധം അടിച്ചേൽപിച്ച ഇസ്രായേലിനെതിരെ സാധ്യമായ എല്ലാ ചെറുത്തുനിൽപ്പും തുടരുമെന്ന്​ പലസ്​തീൻ പോരാളി സംഘടനകളായ ഹമാസും ഇസ്​ലാമിക്​ ജിഹാദും അറിയിച്ചു.

യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഇസ്രയേൽ ജനതക്കെതിരായ വെല്ലുവിളി അമർച്ച ചെയ്യാൻ ഏതറ്റം വരെയും പോകുമെന്ന്​ പ്രധാനമന്ത്രി യായിർ ലാപിഡ്​ അറിയിച്ചു. നിശ്​ചിത ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻസ്​ പറഞു. ഗസ്സക്കു്​നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ അറബ്​ ലീഗും ഇറാനും അപലപിച്ചു. അന്തർദേശീയ സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്ന്​ ​ജോർദാൻ ആവശ്യപ്പെട്ടു. പുതിയ സംഘർഷം ആപത്കരമാണെന്ന്​ യു.എൻ രക്ഷാസമിതി മുന്നറിയിപ്പ്​ നൽകി. ഇസ്രായേലി​ന്‍റെ പ്രതിരോധം ന്യായമാണെന്നും ബന്ധപ്പെട്ടവർ സംയമനം പാലിക്കണമെന്നും അമേരിക്ക വ്യക്​തമാക്കി.

കഴിഞ്ഞ മെയ് ​മാസത്തിൽ ഗസ്സയിൽ ഇ​സ്രയേൽ നടത്തിയ ആക്രമണത്തിൽ 265 പേർ കൊല്ലപ്പെട്ടിരുന്നു. അധിനിവേഷ വെസ്​റ്റ്​ബാങ്ക്​ നഗരമായ ജെനിനിൽ മുതിർന്ന ഫലസ്​തീൻ നേതാവ്​ ബസ്സാം അൽ സാദിയെ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​താണ്​ ഇസ്രയേൽ പുതിയ സംഘർഷത്തിന്​ തുടക്കം കുറിച്ചത്​. നാലു ദിവസം മുമ്പ്​ ഗസ്സയിലേക്കുള്ള അതിർത്തിയും ഇസ്രയേൽ കൊട്ടിയടച്ചിരുന്നു. ആക്രമണം കൂടിയായതോടെ ഗസ്സയിൽ ജനജീവിതം ദുസ്സഹമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News