ബ്രിട്ടീഷ് വാര്‍ത്താവിതരണ ഏജന്‍സിയായ റോയിട്ടേഴ്സിലെ(Reuters) ജീവനക്കാരും സമര രംഗത്ത്. വാഗ്ദാനം നല്‍കിയ ശമ്പള വര്‍ധനവ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചരിത്രത്തിലാദ്യമായി റോയിട്ടേഴ്സ് അമേരിക്കയിലെ(America) പത്രപ്രവര്‍ത്തകര്‍ സമരം ചെയ്തത്.
ശമ്പള വര്‍ധനവ് കമ്പനി ന്യായമായ രീതിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു പണിമുടക്കെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോ ജേണലിസ്റ്റുകള്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് വര്‍ക്കേഴ്സ് ഓഫ് അമേരിക്കയുടെ ന്യൂസ് ഗില്‍ഡ് വ്യക്തമാക്കുന്നു. 24 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കുകയായിരുന്നു. ജോലി നിര്‍ത്തിവച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറ് മണിക്കായിരുന്നു സമരം തുടങ്ങിയത്. 300 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. കമ്പനിയിലെ 90 ശതമാനം ആളുകളും സമരത്തില്‍ പങ്കെടുത്തുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒരു ശതമാനം ശമ്പള വര്‍ധനവ് മാത്രമേ ജീവനക്കാര്‍ക്ക് നല്‍കൂ എന്ന കരാര്‍ നിര്‍ദേശം റോയിട്ടേഴ്‌സ് കമ്പനി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ ശമ്പള വര്‍ധനവ് ഒരു ശതമാനമായി ചുരുക്കുന്നത് ചൂഷണമാണെന്നും അത് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ സമരം ചെയ്തത്. തൊഴിലാളി യൂണിയനായ ന്യൂസ് ഗില്‍ഡാണ് സമരവുമായി രംഗത്തുള്ളത്. ആരോപണത്തിന്മേല്‍ ന്യൂസ് ഗില്‍ഡ് അംഗങ്ങള്‍ യു എസ് നാഷണല്‍ ലേബര്‍ ബോര്‍ഡിന് പരാതി നല്‍കി.
അതേസമയം, കരാറിന്റെ കാര്യത്തില്‍ ന്യൂസ് ഗില്‍ഡുമായി ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും ഒത്തുതീര്‍പ്പിലെത്താന്‍ സന്നദ്ധമാണെന്നും റോയിട്ടേഴ്സ് വക്താവ് പറഞ്ഞു. റോയിട്ടേഴ്സിന്റെ വെബ്സൈറ്റ് പ്രകാരം 200 നഗരങ്ങളിലായി ഏകദേശം 2,500 പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.