
അധിനിവേശം ഒരു യാഥാർത്ഥ്യമാണ്, വകഭേദങ്ങൾ മാറി വരുന്ന അണുക്കൾ പോലെ അത് നമ്മളെ നിരന്തരം വേട്ടയാടി കീഴടക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. വൈവിധ്യങ്ങളുടെ സഹവർത്തിത്വവും, സമ്മോഹനുമാണ് അധിനിവേശ ശക്തികൾക്ക് എല്ലായ്പ്പോഴും പ്രതിരോധം സൃഷ്ടിച്ചിട്ടുള്ളത്. ആഗോള സാമ്പത്തിക ഭീമൻമാർക്ക് ആവാസസമൂഹം വെറുമൊരു വിപണി അല്ലെങ്കിൽ അവരുടെ ഉത്പനങ്ങൾ ഉത്പാദിപ്പിക്കാനുള്ള വിഭവങ്ങൾ മാത്രമാണ്.
ഈ അധിനിവേശത്തിനെത്തിരെയുള്ള ചെറുത്ത്നില്പിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് ആർ.കെ. കൃഷാന്തിന്റെ ആവാസവ്യൂഹം എന്ന സിനിമ. ചിരപരിചിതമായ സിനിമാഖ്യാന ശൈലികളെ പാടെ പൊളിച്ചെഴുത്തുന്ന ഒരു നൂതന ആവിഷ്ക്കാര ഭാഷയിലും ശൈലിയിലുമാണ് വളരെ ജൈവികമായി തന്നെ സിനിമ സംവദിക്കുന്നത്. കഥാകഥന സാർവത്രിക മാതൃകകൾക്ക് അപ്പുറം ഒരു നവ്യ ദൃശ്യശ്രവ്യാനുഭൂതി തന്നെയാണ് ആവാസവ്യൂഹം പകരുന്നത്. ദൃശ്യങ്ങളുടെ, ശബ്ദങ്ങളുടെ സംവേദന സാധ്യതകളുടെ ഒരു പുതിയ പ്രതലം തന്നെ ഈ സിനിമ സൃഷ്ടിക്കുന്നുണ്ട്.
അത് ചലച്ചിത്ര ഭാഷ്യങ്ങളിൽ പുതിയ പാതകൾ തേടുന്ന ചലച്ചിത്രകാരൻമാർക്ക് മുന്നിൽ വിശാലമായ ഒരു ലോകം തുറന്നിടുന്നു. അത്തരത്തിൽ, സിനിമാ ചരിത്രത്തിൽ ഈ സിനിമ ചിരന്തനമായ ഒരിടം അവകാശപ്പെടുന്നുണ്ട്. ജീവിതോൽപ്പതി മുതൽ, ആവാസരാശി നേരിടുന്ന അധിനിവേശ പ്രശ്നങ്ങൾ ഒരു സിനിമയിലേക്ക് ക്രോഡീകരിക്കാൻ കൃഷ്ണകാന്തിന് കഴിഞ്ഞിട്ടുണ്ട്. ആ ഗവേഷാനുഭവം ഏതൊരു പ്രേക്ഷകനും ആസ്വാദ്യമായ രീതിയിലുള്ള ഒരു സിനിമാനുഭവമായി മാറുന്നു എന്നതാണ് ആവാസവ്യൂഹത്തിന്റെ പ്രത്യേകത. മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് ഈ വർഷം ആവാസവ്യൂഹത്തിനായിരുന്നു. പ്രതിഭകളെ അംഗീകരിക്കുകയും അവരെയും അവരുടെ ചിന്തകളേയും സമൂഹത്തിന് മുന്നിലേക്ക് കൊണ്ടു വരുകയും ചെയ്യുക എന്ന ദൗത്യം കൃത്യമായി നിർവഹിച്ച ചലച്ചിത്ര അക്കാഡമിക്കും, അവാർഡ് കമ്മിറ്റിക്കും അഭിമാനിക്കാം.
സിനിമകൾ ചിന്തോദ്ദീപകങ്ങളും, പ്രസക്തവും, ആസാദ്യവും, ചരിത്രത്തിന്റെ ഭാഗവും ആവുന്നത് നമ്മൾ എന്താണെന്നും, എന്താ വണമെന്നുമുള്ള അവബോധം സിനിമ കൾക്ക് സൃഷ്ടിക്കാൻ കഴിയുപ്പോളാണ്. ചരിത്രം പോലും അപരനിർമ്മിതിക്ക് വിധേയപ്പെടുന്ന ഒരു കാലത്ത് ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന സിനിമകൾ അംഗീകരിക്കപ്പെടേണ്ടത് കാലത്തിന്റെ കൂടെ ആവശ്യമാണ്. ഈ ധർമ്മങ്ങൾ യാതൊരുവിധ കെട്ടുകാഴ്ച്ചകളുടെ അകമ്പടിയുമില്ലാതെ ജൈവികമായി തന്നെ നിർവഹിക്കുന്ന സിനിമയാണ് ആവാസവ്യൂഹം. സോണി ലൈവിലാണ് ഇതിനോടകം തന്നെ സിനിമാസ്വദകരുടെയിടയിൽ വലിയ ചർച്ചയായി മാറിയ ചിത്രം പ്രദർശനം തുടരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here