ദേശീയപാതയിലെ കുഴികൾ ഉടൻ അടക്കണമെന്ന് കേന്ദ്ര സർക്കാരിനും ദേശീയ പാത അതോറിറ്റിക്കും ഹൈക്കോടതിയുടെ കർശന നിർദേശം. അങ്കമാലിയ്ക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തെ തുടർന്നാണ് കോടതി ഇടപെടൽ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര സർക്കാരും ദേശീയപാത അധികൃതരും വരുത്തിയ വീഴ്ചക്ക് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.
കഴിഞ്ഞ ദിവസം രാത്രിയാണ് ഹൈക്കോടതി ഇടപെടലിന് ആധാരമായ അപകടം നടന്നത്. അങ്കമാലി – ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്കൂളിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. ദേശീയപാതയിലെ വലിയ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയായിരുന്നു. റോഡിന് എതിർവശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. കനത്ത മഴയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. ഹോട്ടൽ ഉടമയായ ഹാഷിം കടയടച്ച് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി . പ്രദേശത്ത് ദേശീയപാതയിൽ നിരവധി ഇടങ്ങളിൽ വലിയ കുഴികളുണ്ടന്നും അവ ഉടൻ അടക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ദുഃഖകരമായ സംഭവമെന്നുംദേശീയ പാത അതോറിറ്റി ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ട ഹൈക്കോടതി അവധി ദിവസമായിട്ടും വിഷയത്തിൽ ഇടപെടുകയായിരുന്നു. ദേശീയപാതയിലെ കുഴികൾ അടിയന്തിരമായി അടക്കാൻ കേന്ദ്ര സർക്കാരിന് അമിക്കസ് ക്യൂറി വഴി കോടതി നിർദ്ദേശം നൽകി. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും. എന്നാൽ കേന്ദ്ര സർക്കാരും ദേശീയ പാതാ അധികൃതരും വരുത്തിയ വീഴ്ചക്ക് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. എങ്കിലും ഹൈക്കോടതി ഇടപെട്ട പശ്ചാത്തലത്തിൽ
കേന്ദ്ര സർക്കാർ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.