
സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷിക ആഘോഷം ആസാദി കി അമൃത് മഹോത്സവ് എന്ന പേരില്‍ ആവിഷ്‌കരിക്കുന്നത് സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച രാജ്യ സ്നേഹികള്‍ക്കുള്ള ഉചിതമായ ആദരവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററില്‍ ആസാദി കി അമൃത് മഹോത്സവിന്റെ ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആസാദി കി അമൃത് മഹോത്സവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ സജീവമായി നടപ്പാക്കി വരികയാണ്. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നോഡല്‍ വകുപ്പുകളായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതിനുള്ള തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ആഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’ വന്‍വിജയമാക്കുന്നതിനും എല്ലാ ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിനായി 26.25 ലക്ഷം ദേശീയ പതാകകള്‍ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത്രയും എണ്ണം ദേശീയ പതാകകള്‍ തയ്യാറാക്കുന്നതിനായി വികേന്ദ്രീകൃത അടിസ്ഥാനത്തില്‍ കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങള്‍ വഴി ദേശീയ പതാകകളുടെ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഖാദി, പരുത്തി തുണികളിലുള്ള ദേശീയ പതാകകള്‍ നിര്‍മ്മിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തിന് എതിരായി 1809 ജനുവരി 16ന് ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം നടന്ന കൊല്ലം ജില്ലയിലെ കുണ്ടറയില്‍ 2021 മാര്‍ച്ച് 12നാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആസാദി കി അമൃത് മഹോത്സവിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി അന്നേദിവസം തന്നെ ചരിത്ര പ്രസിദ്ധമായ ഉപ്പ് സത്യാഗ്രഹം നടന്ന പയ്യന്നൂരിലും പഴശ്ശി കലാപം നടന്ന മാനന്തവാടിയിലും രണ്ട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് മാസം അവസാനിക്കുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഴ്ച്ചയില്‍ ഒന്നു വീതം 75 പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പതിവ് പരിപാടികള്‍ക്ക് പുറമെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജനാധിത്യ മൂല്യങ്ങളും മതനിരപേക്ഷതയും സാമൂഹ്യ സമത്വവും ഉയര്‍ത്തിപിടിച്ചു കൊണ്ടുള്ള പോരാട്ടത്തിന്റെ വിജയമാണ് 75ാം വാര്‍ഷികത്തിലൂടെ ആഘോഷിക്കപ്പെടുന്നത്- അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here