
അസമിലുണ്ടായ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണം മുസ്‌ലിങ്ങളാണെന്ന തരത്തിലുള്ള വ്യാജ ആരോപണം ശക്തമാകുന്നു. പ്രാദേശിക മുസ്ലിം സമൂഹമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് ആരോപണമുയരുന്നത്.
‘പ്രളയ ജിഹാദ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചരണം നടക്കുന്നത്.ആരോപണം നേരിടുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരാളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ബി.ബി.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാസിര്‍ ഹുസൈന്‍ ലസ്‌കര്‍ എന്നയാളുടെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്.
അസമില്‍ വെള്ളപ്പൊക്കത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് നാസിര്‍ ഹുസൈന്‍ ലസ്‌കര്‍. എന്നാല്‍ ‘പൊതുസ്വത്ത് നശിപ്പിച്ചു’ എന്ന് ആരോപിച്ച് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
20 ദിവസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ലസ്‌കറിന് ജാമ്യം ലഭിച്ചത്. തെളിവുകളൊന്നുമില്ലാതെയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ ആക്രമണമാണ് ലസ്‌കര്‍ നേരിടുന്നത്.
മണ്‍സൂണ്‍ സീസണില്‍ സാധാരണയായി വെള്ളപ്പൊക്കം ഉണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. എന്നാല്‍ ഈ വര്‍ഷത്തെ മഴ സാധാരണയിലും കനത്ത വെള്ളപ്പൊക്കത്തിലേക്ക് നയിച്ചെന്നും അതിന് കാരണം മുസ്‌ലിങ്ങളാണെന്നുമാണ് പലരും പ്രചരിപ്പിക്കുന്നത്.
അസമിലെ ഹിന്ദു ഭൂരിപക്ഷ നഗരമായ സില്‍ചാറില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ കേടുപാടുകള്‍ വരുത്തിയതായും വ്യാജ പ്രചരണം നടത്തുന്നവര്‍ ആരോപിക്കുന്നു.
16 വര്‍ഷത്തോളം സര്‍ക്കാരിന് വേണ്ടി തടയണകള്‍ നിര്‍മിക്കുന്ന ജോലി ചെയ്തയാളാണ് താനെന്നാണ് ലസ്‌കര്‍ പറയുന്നത്. ‘ഞാന്‍ എന്തിനാണ് പൊതുസ്വത്ത് നശിപ്പിക്കുന്നത്?’ എന്നും അദ്ദേഹം ചോദിക്കുന്നു.
നാസിര്‍ ഹുസൈന്‍ ലസ്‌കറും മറ്റ് മൂന്ന് പേരും ‘പ്രളയ ജിഹാദ്’ (flood jihad) നടത്തുന്നതായാണ് ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നത്. പ്രമുഖ വ്യക്തികളടക്കം ഇത്തരം ആരോപണ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളും ഇത്തരം ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘പ്രളയ ജിഹാദ്’ എന്ന വിശേഷണത്തോടൊപ്പം തന്റെ പേരും ടി.വി സ്‌ക്രീനില്‍ കണ്ടത് വലിയ അസ്വസ്ഥത ഉളവാക്കിയെന്നും തനിക്ക് രാത്രി ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ലസ്‌കര്‍ പറയുന്നുണ്ട്. ജയിലില്‍ കഴിഞ്ഞ സമയത്ത് മറ്റ് തടവുകാര്‍ തന്നെ ആക്രമിച്ചേക്കുമെന്ന ഭയമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയ് 23നായിരുന്നു അസമിലെ ബരാക് നദിയില്‍ കെട്ടിയ തടയണക്ക് കേടുപാടുകള്‍ സംഭവിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് ഇത്. അതിനാലാണ് ഇത്തരം ആരോപണങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്.
അതേസമയം, ‘പ്രളയ ജിഹാദ്’ എന്ന ആരോപണം യാഥാര്‍ത്ഥ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു എളുപ്പവഴിയാണെന്നും പ്രശ്നത്തിന് കൂടുതല്‍ പക്വമായ പ്രതികരണം ആവശ്യമാണെന്നും ജംസെട്ജി ടാറ്റ സ്‌കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസിലെ അസോസിയേറ്റ്‌പ്രൊഫസര്‍ നിര്‍മാല്യ ചൗധരി പറഞ്ഞു. ‘പ്രളയ ജിഹാദ്’ എന്നൊന്ന് നിലനില്‍ക്കുന്നില്ല, എന്ന് അസമിലെ പൊലീസ് സൂപ്രണ്ട് രമണ്‍ദീപ് കൗറും പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here