Mumbai: മുംബൈയില്‍ 9 വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; നിമിത്തമായത് ഗൂഗിള്‍ സെര്‍ച്ച്

2013 ജനുവരി 22നാണ് പൂജാ ഗൗഡ് എന്ന ഏഴുവയസ്സുകാരിയെ മുംബൈയില്‍(Mumbai) കാണാതാകുന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കേസില്‍ അമ്പതുകാരനായ ജോസഫ് ഡിസൂസയും ഭാര്യ സോണിയുമാണ് പ്രതികള്‍. ഏറെകാലം കുട്ടികളില്ലാത്തതിന്റെ വിഷമത്തിലായിരുന്ന ദമ്പതികള്‍ തങ്ങള്‍ക്ക് ഒരു കുട്ടി വേണം എന്ന ചിന്തയില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ വിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഡി.എന്‍ നഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന രാജേന്ദ്ര ദോണ്ഡു ഭോസ്ലെക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. മുംബൈയില്‍ കാണാതെ പോയ 166 പെണ്‍കുട്ടികളുടെ കേസ് അന്വേഷിച്ച സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ അതില്‍ 165 പെണ്‍കുട്ടികളെയും കണ്ടെത്തിയിരുന്നു. 2015 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച രാജേന്ദ്ര ദോണ്ഡു ‘ഗേള്‍ നമ്പര്‍ 166’ എന്നറിയപ്പെട്ട ആ പെണ്‍കുട്ടിയ്ക്കായുള്ള അന്വേഷണം കഴിഞ്ഞ 7 വര്‍ഷമായി നിര്‍ത്താതെ തുടര്‍ന്നു.

ജോസഫ് ഡിസൂസയും ഭാര്യ സോണിയും ചേര്‍ന്ന് കുട്ടിയെ തട്ടിയെടുത്തെങ്കിലും തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിക്കായുള്ള തിരച്ചിലുകളും പോസ്റ്ററുകളും ഇവരെ പരിഭ്രാന്തിയിലാക്കി. കുട്ടിയെ കൂടെ നിര്‍ത്തിയാല്‍ പിടിക്കപെടുമെന്ന പേടിയില്‍ ഇരുവരും പൂജയെ ജന്മനാടായ കര്‍ണാടകയിലെ റായ്പൂരിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ 2016 ല്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞു പിറന്നതോടെ ഇവര്‍ പൂജയെ കര്‍ണാടകയില്‍ നിന്ന് സഹായത്തിനായി തിരികെ കൊണ്ടുവന്നു.

ദുരിതപൂര്‍ണമായ ദിനങ്ങള്‍

കര്‍ണാടകയില്‍ നിന്ന് മടങ്ങിയെത്തിയ പൂജ കടന്നുപോയത് ദുരിതപൂര്‍ണമായ ദിവസങ്ങളിലൂടെയാണ്. സോണി നിരന്തരം പൂജയെ വഴക്ക് പറയുകയും തല്ലുകയും ചെയ്യാന്‍ തുടങ്ങി. ഡിസൂസ മദ്യപിച്ചെത്തി തട്ടികൊണ്ടുവന്ന കഥകള്‍ പറഞ്ഞു പൂജയെ മാനസികമായി പീഡിപ്പിച്ചു. കോവിഡിനെ തുടര്‍ന്ന് വരുമാനമില്ലാതായതോടെ ഇവര്‍ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്കായി പെണ്‍കുട്ടിയെ അയച്ചു.

ഇതിനിടെ ഡിസൂസയും കുടുംബവും കുറഞ്ഞ വാടകയുള്ള വീട്ടിലേക്ക് താമസവും മാറി. അങ്ങിനെയാണ് യാദൃശ്ചികമായി പൂജയുടെ വീടിന് 500 മീറ്റര്‍ അകലെ ഇവര്‍ താമസിക്കാനെത്തുന്നത്. കുട്ടിയെ ആര്‍ക്കും തിരിച്ചറിയാനാകില്ലെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. കൂടാതെ ആരുമായും സംസാരിക്കരുതെന്നും സഹവാസം കൂടരുതെന്നും പെണ്‍കുട്ടിക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

വഴിത്തിരിവായത് വേലക്കാരിയുടെ ഇടപെടല്‍

കുഞ്ഞുങ്ങളെ നോക്കുവാന്‍ പോയിരുന്ന വീട്ടിലെ വേലക്കാരിയായ സ്ത്രീയുമായി പൂജ അടുപ്പത്തിലായി. അങ്ങിനെയാണ് ഒരു ദിവസം പൂജ തന്റെ അവസ്ഥയെ കുറിച്ച് മനസ്സ് തുറന്നത്. വീട്ടില്‍ നേരിടുന്ന ശാരീരിക പീഡനങ്ങളും തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഡിസൂസ പറയാറുള്ളതും പൂജ തുറന്നു പറഞ്ഞു. തുടര്‍ന്ന് വേലക്കാരിയാണ് ഗൂഗിളില്‍ 2013ല്‍ കാണാതായ കുട്ടികളെ കുറിച്ച് സെര്‍ച് ചെയ്യുന്നത്. ഇതോടെ പെണ്‍കുട്ടിയെ കാണാതായപ്പോള്‍ വന്ന പത്രവാര്‍ത്തകളും പോസ്റ്ററുകളുമെല്ലാം ഓണ്‍ലൈനില്‍ കണ്ടെത്താനായത് വഴിത്തിരിവായി.

ഓണ്‍ലൈനില്‍ കണ്ട മിസ്സിങ് പോസ്റ്ററിലെ നമ്പറുകളിലേക്ക് മാറി മാറി വിളിച്ചു. അതിലെ നാല് നമ്പറുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍, അഞ്ചാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ പൂജയുടെ അയല്‍വാസിയായിരുന്ന റഫീഖ് എന്നയാളെ കിട്ടി കാര്യങ്ങള്‍ ബോധിപ്പിച്ചു. ആദ്യം റഫീഖ് വിശ്വസിക്കാന്‍ തയ്യാറായില്ല. തെളിവായി ഫോട്ടോ അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫോട്ടോ കുട്ടിയുടെ അമ്മയെ കാണിച്ചതോടെയാണ് കാണാതായ മകള്‍ തന്നെയാണെന്ന് ഉറപ്പിച്ചത്. ഉടനെ പോലീസുമായി ബന്ധപ്പെട്ട് കുട്ടി ജോലി ചെയ്യുന്നിടത്തേക്ക് പുറപ്പെടുകയായിരുന്നു. അങ്ങിനെ നീണ്ട കാത്തിരിപ്പിനും ഒറ്റപെടലിനുമൊടുവില്‍ ആദ്യമായി അമ്മയെ കണ്ട പൂജ ജീവിതം തിരികെ കിട്ടിയ സന്തോഷത്തില്‍ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് വിതുമ്പി. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.

തട്ടിക്കൊണ്ടുപോകല്‍, ബാലവേല, മനുഷ്യക്കടത്ത്, തടവില്‍ വെക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഡിസൂസക്കും ഭാര്യ സോണിക്കുമെതിരെ കേസെടുത്തത്. ഡിസൂസയെ റിമാന്‍ഡ് ചെയ്തു. ആറ് വയസ്സുള്ള പെണ്‍കുട്ടിയുള്ളതിനാല്‍ സോണിയെ റിമാന്‍ഡ് ചെയ്യാതെ വിട്ടു.

‘ഗേള്‍ നമ്പര്‍ 166’ എന്നറിയപ്പെട്ട കേസിലെ പെണ്‍കുട്ടിയെ കൂടി കണ്ടെത്താനായതോടെ വിരമിച്ചിട്ടും അന്വേഷണം തുടര്‍ന്നിരുന്ന രാജേന്ദ്ര ദോണ്ഡു ഭോസ്ലെയുടെ അവശേഷിച്ച കേസിനും തുമ്പുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News