Manipur: മണിപ്പൂരില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു; 2 ജില്ലകളില്‍ നിരോധനാജ്ഞ

മണിപ്പൂരില്‍(Manipur) അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം(Internet service) നിര്‍ത്തിവെച്ചു. സ്‌പെഷ്യല്‍ സെക്രട്ടറി എച്ച് ഗ്യാന്‍ പ്രകാശ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ചില സാമൂഹിക വിരുദ്ധര്‍ പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം ഫുഗ്കാചാവോ ഇഖാങ്ങില്‍ 4 പേര്‍ ചേര്‍ന്ന് ഒരു വാഹനത്തിന് തീയിട്ടിരുന്നു. ഇത് സാമുദായിക സംഘര്‍ഷം വര്‍ധിച്ചതായി കാണിച്ചുകൊണ്ട് വിഷ്ണുപൂര്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവ്. വിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതല്‍ രണ്ട് മാസത്തേക്ക് ഈ ഉത്തരവ് നിലവില്‍ വന്നു.

ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (ATSUM) വെള്ളിയാഴ്ച ദേശീയ പാതകളില്‍ അനിശ്ചിതകാല സാമ്പത്തിക ഉപരോധ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മണിപ്പൂര്‍ (ഹില്‍ ഏരിയ) സ്വയംഭരണ ജില്ലാ കൗണ്‍സില്‍ ബില്‍ 2021 നിയമസഭയില്‍ അവതരിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടന ആവശ്യപ്പെടുന്നു. താഴ്വര പ്രദേശങ്ങളുടെ വികസനത്തിന് ഇത് കൂടുതല്‍ സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം നല്‍കുമെന്ന് ATSUM പറയുന്നു.

അനിശ്ചിതകാല സാമ്പത്തിക ഉപരോധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മെയ്‌റ്റെ ലിപുന്‍ എന്ന സംഘടന ATSUM-ന്റെ ഇംഫാല്‍ ഓഫീസ് അടച്ചു പൂട്ടി. സംസ്ഥാനത്തെ താഴ്വര പ്രദേശം ലക്ഷ്യമിട്ടാണ് ഉപരോധം നടത്തിയതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്തെ എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ചൊവ്വാഴ്ച മണിപ്പൂര്‍ (ഹില്‍ ഏരിയ) ജില്ലാ പരിഷത്ത് 6, 7 ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ചു. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് സമരക്കാരുടെ വാദം. ഭേദഗതി ബില്‍ അവതരിപ്പിച്ചതു മുതല്‍, ആദിവാസി ആധിപത്യമുള്ള കാങ്പോക്പി, സേനാപതി പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ സ്തംഭനാവസ്ഥയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here