Kayyoor:ഓര്‍മകളില്‍ കനല്‍ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് കയ്യൂര്‍…

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഓര്‍മകളില്‍ കനല്‍ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് കയ്യൂര്‍(Kayyoor). ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്‍മി നാടുവാഴിത്തത്തിനുമെതിരെ പോരാടി കഴുമരത്തിലേറിയ കയ്യൂര്‍ രക്തസാക്ഷികളുടെ ഓര്‍മകള്‍ ലോകത്താകമാനമുള്ള വിപ്ലവ പോരാട്ടങ്ങള്‍ക്ക് ഇന്നും ഊര്‍ജ്ജം പകരുകയാണ്.

1943 മാര്‍ച്ച് 29,കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പുലരി. വലിയ മതില്‍ക്കെട്ടും കടന്ന് നാല് കണ്ഠങ്ങളില്‍ നിന്ന് മുഴങ്ങിയെത്തി ഇന്‍ങ്ക്വിലാബ് വിളികള്‍. മാനവമോചന മുദ്രാവാക്യത്തില്‍ ജയിലറയും കഴുമരവും ബ്രിട്ടീഷ് സാമ്രാജ്യത്വവും ഞെട്ടി വിറച്ചു. അവര്‍ നാലു പേര്‍ കമ്യൂണിസ്റ്റ് സഖാക്കള്‍…മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കാല്‍ അബൂബക്കര്‍, പൊടോര കുഞ്ഞമ്പു നായര്‍… ധീരമായ ചുവടുവെപ്പുകളോടെ തലയുയര്‍ത്തി കൊലമരത്തിലേക്ക് നടന്നു കയറി…

ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനും ജന്‍മി നാടുവാഴിത്തത്തിനുമെതിരായി 1940 കളില്‍ വടക്കേ മലബാറില്‍ കര്‍ഷക സമര പോരാട്ടങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലം. മദ്രാസ് പ്രോവിന്‍സിന്റെ ഭാഗമായിരുന്ന കയ്യൂരും പരിസര പ്രദേശങ്ങളും പോരാട്ടങ്ങളാല്‍ ചുവന്നു… പൊലീസ് നാട്ടിലാകെ നരനായാട്ട് നടത്തി. കര്‍ഷകസംഘം ജാഥകള്‍ക്കിടയില്‍പ്പെട്ടതോടെ ജനരോഷം ഭയന്ന് പുഴയില്‍ ചാടിയ മര്‍ദ്ദനവീരനായ സുബ്ബരായന്‍ എന്ന പോലീസുകാരന്‍ മുങ്ങിമരിച്ചു. 60 പേരെ പ്രതി ചേര്‍ത്ത് കേസെടുത്ത് വിചാരണ ചെയ്തു.

മൂന്നാം പ്രതിയായിരുന്ന ഇ കെ നായനാരെ പിടികൂടാനാവാത്തതിനാല്‍ കേസില്‍ നിന്നൊഴിവാക്കി. അഞ്ച് പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വധശിക്ഷ ഒഴിവാക്കി. നിരവധി പേരെ ജയിലിലടച്ചു… വധ ശിക്ഷ ഒഴിവാക്കാന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലടക്കം വലിയ ഇടപെടല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല….കയ്യൂര്‍ സഖാക്കളുടെ രക്തസാക്ഷിത്വം രാജ്യത്താകമാനമുളള സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഊതി ജ്വലിപ്പിപ്പിച്ചു…

എട്ട് പതിറ്റാണ്ടിനിപ്പുറവും…. പാടുകയാണ് കയ്യൂര്‍…തേജസ്വിനിയുടെ ഓളങ്ങള്‍ക്കൊപ്പം… കാറ്റിലലിഞ്ഞ്… വയലേലകളെ തഴുകി കയ്യൂര്‍ സഖാക്കളുടെ വീരഗാഥ… സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പുതിയ കാല പോരാട്ടങ്ങള്‍ക്ക് വഴികാട്ടിയായി…ഊര്‍ജ്ജമായി…. ജ്വലിച്ചു നില്‍ക്കുകയാണ്… കയ്യൂര്‍ രക്തസാക്ഷികള്‍…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News