വിക്കറ്റ് വീഴ്ത്തിയില്ല;പന്തിനോട് കയര്‍ത്ത് രോഹിത് ശര്‍മ|Rohit Sharma

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഫ്ളോറിഡ ടി-20യില്‍ ഇന്ത്യ ആധികാരിക ജയവും ഒപ്പം പരമ്പരയും നേടിയിരുന്നു. ബാറ്റിങ് ഡിപ്പാര്‍ട്മെന്റ് വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ബൗളിങ് ഡിപ്പാര്‍ട്മെന്റും അതേറ്റെടുത്തു. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒപ്പം ഫീല്‍ഡിങ് ഡിപ്പാര്‍ട്മെന്റും ഒന്നിനൊന്ന് മികച്ചുനിന്നപ്പോഴാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ കീഴ്‌പ്പെടുത്തിയത്. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ആഞ്ഞടിക്ക് തുടക്കമിട്ടത് ക്യാപ്റ്റന്‍ നിക്കോളാസ് പൂരനായിരുന്നു. എട്ട് പന്ത് മാത്രം നേരിട്ട പൂരന് 300 സ്ട്രൈക്ക് റേറ്റില്‍ 24 റണ്‍സെടുത്ത് മടങ്ങേണ്ടി വന്നു.

താരം റണ്‍ ഔട്ടിലൂടെയായിരുന്നു മടങ്ങിയത്. മലയാളി താരം സഞ്ജുവിന്റെ കിടിലന്‍ ത്രോ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് സ്വീകരിച്ച് ബെയ്ല്‍സ് വീഴ്ത്തുമ്പോള്‍ പൂരന്‍ ക്രീസില്‍ നിന്നും അകലെയായിരുന്നു. കളിയിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലൊന്ന് പൂരന്റെ ഈ റണ്‍ ഔട്ടാണ്. ഒരുപക്ഷേ പൂരന്‍ അല്‍പനേരം കൂടി ക്രീസിലുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്നുറപ്പായിരുന്നു. ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത് പൂരന്റെ പുറത്താവലാണ്. അതേസമയം പന്ത് കയ്യില്‍ കിട്ടിയിട്ടും റിഷബ് പന്ത് ബെയ്ല്‍സ് തട്ടിയിരുന്നില്ല. സഹതാരങ്ങള്‍ റണ്‍ ഔട്ട് ആഘോഷിക്കാന്‍ തുടങ്ങിയപ്പോള്‍ പോലും പൂരന്‍ യഥാര്‍ത്ഥത്തില്‍ ഔട്ടായിരുന്നില്ല.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വായില്‍ നിന്നും ‘നല്ലവാക്കുകള്‍’ കേട്ട ശേഷമാണ് പന്ത് ബെയ്ല്‍സ് തട്ടിയത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ എല്ലാവരും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം തന്നെ ബൗളര്‍മാര്‍ അവരെ ഒന്നൊഴിയാതെ എറിഞ്ഞിട്ടു. നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയ രണ്ട് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും 3.1 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങുമാണ് കരീബിയന്‍ താരങ്ങള്‍ക്ക് മേല്‍ കൊടുങ്കാറ്റായി വീശിയത്. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയും നാല് ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലും ചേര്‍ന്ന് ബാക്കി താരങ്ങളെ കറക്കി വീഴ്ത്തിയപ്പോള്‍ വിന്‍ഡീസിന് പൂര്‍ണമായി പതനം സംഭവിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here