Idukki Dam: ഡാം തുറന്ന നാള്‍വഴികള്‍

കുറവന്‍, കുറത്തി മലകള്‍ക്കിടയിലൂടെ കുത്തിയൊഴുകുന്ന പെരിയാറില്‍ ഒരു അണ കെട്ടിയാലോ എന്ന് ആദ്യം ചിന്തിച്ചത് ഇറ്റലിക്കാരനായ(Italy) ജേക്കബ് എന്ന എന്‍ജിനീയര്‍ ആണ്. 1919ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. എന്നാല്‍, 1932ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്യു. ജെ ജോണ്‍ നായാട്ടിനായി ഈ കൊടുംകാട്ടിലെത്തിയതോടെയാണ് ഇടുക്കിയുടെ(Idukki) ചരിത്രം തുടങ്ങുന്നത്.

അന്ന് ഈ ഭാഗത്തെ ഊരാളി ഗോത്രത്തലവനായിരുന്ന കരുവെള്ളയാന്‍ കൊലുമ്പന്‍ എന്ന ആദിവാസിയുമായി പരിചയപ്പെട്ട ജോണ്‍ ഇയാളെ നായാട്ടിന് സഹായിയായി വിളിച്ചു. കൊലുമ്പന്‍ അനുഗമിച്ചു. അയാള്‍ നാടന്‍ പാട്ടിലെ കുറവന്‍ കുറത്തി കഥ ജോണിന് പറഞ്ഞുകൊടുത്തു. ഇടുക്കി കാണിച്ചുകൊടുത്തു. കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഒഴുകുന്ന പെരിയാര്‍ ജോണിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ആ മലയിടുക്കില്‍ അണക്കെട്ട് പണിതാല്‍ വൈദ്യുതോല്‍പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹത്തിന് ഒറ്റനോട്ടത്തില്‍ മനസ്സിലായി.

കേരളത്തില്‍ തകര്‍ത്തു പെയ്യുന്ന മഴ(Kerala Rain) ദുരിതപ്പെയ്ത്തായി മാറുമ്പോള്‍ ഡാമുകള്‍ തുറക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. 1973ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇടുക്കി അണക്കെട്ട്(Idukki Dam) ഇത്രയും വര്‍ഷത്തിനിടെ ആകെ തുറന്നത് 10 തവണയാണ്. അണക്കെട്ടിലെ വെള്ളം ഷട്ടര്‍ തുറന്ന് ആദ്യം പുറത്തേക്കൊഴുക്കിയത് 1981ലാണ്. 2 തവണയായി 11 ദിവസം അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവെച്ചു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 4 വരെയും തുടര്‍ന്ന് നവംബര്‍ 9 മുതല്‍ 13 വരെയുമാണ് അണക്കെട്ട് തുറന്നു വെച്ചത്. 11 വര്‍ഷത്തിന് ശേഷമാണ് പിന്നീട് ഇടുക്കി ഡാം തുറന്നത്. 1992ല്‍ ഒക്ടോബറിലും നവംബറിലും വെള്ളം പുറത്തേക്കൊഴുക്കി. ആകെ 11 ദിവസം.

26 വര്‍ഷം കഴിഞ്ഞാണ് പിന്നീട് സ്പില്‍വേ വഴി ഇടുക്കിയിലെ വെള്ളം പുറത്തേയ്‌ക്കൊഴുക്കിയത്. 2018ല്‍. ഡാം ഏറ്റവുംകൂടുതല്‍ ദിവസം തുറന്നു വെച്ചതും ഈ കാലയളവിലാണ്. മഹാപ്രളയത്തിന് മുന്‍പ് ഓഗസ്റ്റ് 9ന് തുറന്ന ഡാം പിന്നീട് അടച്ചത് 30 ദിവസം കഴിഞ്ഞ്. അതിന് ശേഷം ഒരു ദിവസം മാത്രം തുറന്നും ജലനിരപ്പ് ക്രമീകരിച്ചു. 3 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറില്‍ ഡാം വീണ്ടും തുറന്നു. പ്രളയഭീതി നിലനിന്നതിനാല്‍ 3 തവണയാണ് ഡാം തുറന്നു വിട്ടത്. ജലനിരപ്പ് ഉയര്‍ന്നതോടെ ഈ വര്‍ഷം ഇടുക്കി ഡാം വീണ്ടും തുറന്നിരിക്കുന്നു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ഡാം തുറന്നാലും പെരിയാര്‍ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ല. ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്ത ശേഷമാണ് ഡാം തുറക്കാന്‍ തീരുമാനമായതും. അതിനാല്‍ തന്നെ, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഒറ്റക്കെട്ടായി നിന്ന് ഏതു പ്രളയത്തെയും അതിജീവിച്ച കേരളത്തിന് ഇത്തവണയും പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയുമെന്ന് പ്രത്യാശിയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News