Wish; ഇത് ചരിത്രനേട്ടം: എൽദോസ് പോലിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദനങ്ങളുമായി കായികമന്ത്രി

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എൽദോസ് പോളിനും (Eldos-pual) അബ്ദുള്ള അബൂബക്കറിനും (Abdulla Aboobacker) അഭിനന്ദനങ്ങൾ അറിയിച്ച് കായികമന്ത്രി വി അബ്ദുറഹ്മാൻ (V Abdurahman). രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി അബ്ദുറഹ്മാന്റെ വാക്കുകൾ ഇങ്ങനെ:

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്.

ട്രിപ്പിൾ ജമ്പിൽ എൽദോസ് നേടിയ സ്വർണത്തിനും അബ്ദുള്ള നേടിയ വെള്ളിക്കും തിളക്കം ഏറെയാണ്. കേരളം അത് ലറ്റിക്സിൽ നടത്തുന്ന ശക്തമായ തിരിച്ചുവരവിൻ്റെ സൂചനയാണിത്. കേരളത്തിൻ്റെ കായിക മേഖലയ്ക്കാകെ പ്രചോദനമാണിത്.

സ്കൂൾ തലം മുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് എൽദോസും അബ്ദുള്ളയും. ഈ സീസണിൽ ഇരുവരും നല്ല ഫോമിലാണ്. ചെറുപ്പക്കാരായ ഈ താരങ്ങളിൽ നിന്ന് ഇനിയും ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

നേരത്തേ ലോങ്ങ്ജമ്പിൽ ശ്രീശങ്കർ വെള്ളി നേടിയിരുന്നു. ഈ കോമൺവെൽത്ത് ഗെയിംസ് കേരളത്തെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന വേദിയാണ്. കൂടുതൽ മലയാളി താരങ്ങൾക്കും ഇന്ത്യയ്ക്കും മികച്ച പ്രകടനം തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

17.03 മീറ്റർ ചാടിയാണ് എൽദോസ് ഇന്ത്യയുടെ സ്വര്‍ണമായി മാറിയത്. മൂന്നാം ശ്രമത്തിലായിരുന്നു പോളിന്‍റെ നേട്ടം. അബദുല്ല അബൂബക്കർ ചാടിയത് 17.02 മീറ്റർ. ഇന്ത്യയ്ക്കായി മത്സരിച്ച പ്രവീൺ ചിത്രവേൽ 16.89 മീറ്റർ ചാടി നാലാമതായി. 16.92 മീറ്റർ ചാടിയ ബർമുഡയുടെ ജാ-നി പെരിൻചീഫിനാണ് വെങ്കലം.

ജൂലൈയിൽ യുഎസിലെ യൂജിനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയിൽ നിന്നാണ് എൽദോസ് കോമൺവെൽത്ത് ഗെയിംസിനെത്തിയത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ 16.79 മീറ്റർ ദൂരം താണ്ടി ഒമ്പതാം സ്ഥാനത്താണ് പോൾ ഫിനിഷ് ചെയ്തിരുന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് എൽദോസ് സ്വർണമണിയുന്നത്. ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ ചാടിയ 16.99 മീറ്ററായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും മികച്ച ദൂരം. ഇതാണ് പോൾ ബർമിങ്ഹാമിൽ മറികടന്നത്. കോതമംഗലം എംഎ കോളേജിൽ ടിപി ഔസേപ്പിന്റെ ശിഷ്യനായിരുന്നു പോൾ.

എൽദോസിന്റെ പരിശീലന പങ്കാളിയാണ് അബ്ദുല്ല അബൂബക്കർ. ട്രിപ്പിൾ ജംപിൽ 17.19 മീറ്റർ വരെ ചാടിയ താരമാണ് അബ്ദുല്ല അബൂബക്കർ. നാദാപുരം ചെറുമോത്ത് കുനിയപൊയിൽ സാറയുടെയും വളയം നാരങ്ങോളി അബ്ദുല്ലയുടെയും മകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here