Fahad fazil: മലയാളത്തിന്റെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് പിറന്നാള്‍; ഹാപ്പി ബര്‍ത്ത്‌ഡേ ഫഫ

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഫഹദ് ഫാസിലിന്(Fahad Fazil) പിറന്നാളാശംസകള്‍. വെല്ലുവിളികളെ മറികടന്ന് അഭ്രപാളിയിലെ മിന്നും തരാമെന്ന പദവിയിലേക്കാണ് ഈ 40 കാരന്‍ നടന്ന് കയറിയത്. തോല്‍വിയില്‍നിന്ന് തുടങ്ങി, അവനവനോട് തന്നെ പൊരുതി, ഇന്ന് മലയാളത്തിന്റെ അഭിമാനമാണ് ഫഫ എന്ന ഫഹദ് ഫാസില്‍. സോ കോള്‍ഡ് ചോക്‌ളേറ്റ് നായകനില്‍ നിന്നും ഹീറോ ഇമേജ് ഇല്ലാത്ത തരം കഥാപാത്രങ്ങളിലേക്കുള്ള യാത്ര, അതാണ് ഫഹദിനെ വ്യത്യസ്തനാക്കുന്നത്. ഒരു നടനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായ ഈ മാറ്റം വിജയകരമായി ഫലം കണ്ടു എന്നിടത്താണ് ഫഹദിന്റെ വിജയം. 2009 മുതല്‍ 2022 വരെ നീളുന്ന പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഫഹദ് എന്ന നടന്‍ മലയാള സിനിമയെ വിസ്മയിപ്പിച്ചതെങ്ങനെ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. സിനിമയുടെ വെള്ളി വെളിച്ചത്തിലെ മിന്നും സൂപ്പര്‍ താരം ആകാന്‍ ശ്രമിക്കാതെ വീണ്ടും വീണ്ടും നടനാകാനാണ് അയാള്‍ ശ്രമിച്ചത്.

2002 ലെ ആദ്യ ചിത്രം പാളിയപ്പോള്‍ 7 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം 2009- ല്‍ ഇറങ്ങിയ ‘കേരള കഫെ’യിലെ ‘മൃത്യുഞ്ജയം’ എന്ന ചെറു സിനിമയില്‍ ഫഹദ് വീണ്ടും പ്രത്യക്ഷപെട്ടു. ശ്രദ്ധിക്കപ്പെട്ടത് 2011ല്‍ റിലീസ് ആയ ‘ചാപ്പാ കുരിശി’ലെ കഥാപാത്രം, ചിത്രത്തിലെ പ്രകടനം മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫഹദിന് നേടി കൊടുത്തു. പിന്നാലെ 22 ഫീമയില്‍ കോട്ടയവും, ഡയമണ്ട് നെക്ളേസും ആമേനും, അന്നയും റസൂലും ഈ നടന്റെ, രൂപ ഭാവ പരിണാമങ്ങളെ മലയാളിക്ക് കാട്ടിത്തന്നു.

നോര്‍ത്ത് 24 കാത’ത്തിലൂടെ മികച്ച നടനുള്ള ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡ്. നോര്‍ത്ത് 24 കാതത്തിലെ ഹരിയും ആമേനിലെ സോളമനും ഇയോബിലെ അലോഷിയും, ദിലീഷ് പോത്തന്റെ മഹേഷും, വരത്തനിലെ എബിയും, തൊണ്ടിമുതലിലെ പ്രസാദും, ജോജിയും, മാലികിലെ അലിയിക്കയും, ട്രാന്‍സിലെ പാസ്റ്ററും, സത്യന്‍ അന്തിക്കാടിന്റെ പ്രകാശനും,കുമ്പളങ്ങിയിലെ ഷമ്മിയും, ഏറ്റവുമൊടുവില്‍ മലയന്‍കുഞ്ഞിലെ അനികുട്ടനും എല്ലാം പല വഴികളില്‍ സഞ്ചരിച്ച് കാഴ്ചക്കാരെ അമ്പരപ്പിച്ചു.

വാഴ്ത്തുപാട്ടുകള്‍ ഫഹദ് എന്ന വ്യക്തിയെ ഒരുകാലത്തും ബാധിച്ചിരുന്നില്ല.ആള്‍ക്കൂട്ടആരവങ്ങളുടെ കയ്യിടിയില്‍ നിന്ന് മാറി തന്റെ പ്രകടനങ്ങളിലൂടെ മാത്രം പ്രേക്ഷകരോട് സംവദിക്കാന്‍ ആഗ്രഹിക്കുന്ന അഭിനേതാവാണ് അദ്ദേഹം. വരാനിരിക്കുന്ന സിനിമകളുടെ പട്ടികയെടുത്താല്‍ പാച്ചുവും അത്ഭുത വിളക്കിലും പുഷ്പ 2വിലും അയാളിലെ നടനെ കാണുവാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.
കണ്ണുകള്‍ കൊണ്ട് കഥപറയുന്ന, ചിരിയിലൂടെ പോലും കാഴ്ചക്കാരെ ഞെട്ടിക്കുന്ന, മലയാളത്തിന്റെ സ്വന്തം ഫഹദിന് പിറന്നാളാശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here