
ജനാധിപത്യമില്ലാത്ത കോണ്‍ഗ്രസ്(Congress) എങ്ങനെ ജനാധിപത്യ സംരക്ഷകരാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). സ്വന്തം കണ്ണിലെ കുന്തം എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴികളുണ്ട് എന്ന് പറഞ്ഞ് ഞങ്ങള്‍ മാറി നില്‍ക്കുകയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികള്‍ ഉണ്ടാകരുത്. കേരളം ഉണ്ടായ അന്ന് മുതല്‍ റോഡുകളില്‍ കുഴിയുണ്ടെന്നു പറഞ്ഞ് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഡിഎല്‍പി ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളില്‍ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളില്‍ ഇടപെടുന്നതിന് പരിമിതി ഉണ്ട്. സംസ്ഥാനത്തിന് കീഴില്‍ ഉള്ള 548 കി.മീ ദേശീയപാത ആണ്. നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്ത നിലപാട് ആണ്. വസ്തുതാപരമായാണ് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകള്‍ക്ക് മറുപടി നല്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കായക്കുളം, ഹരിപ്പാട് എന്നിവടങ്ങളിലൂടെ പോകുന്ന NH സംസ്ഥാന സര്‍ക്കാറിന്റെത് എന്ന പ്രതിപക്ഷ നേതാവിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍ സത്യത്തിന് നിരക്കാത്തതാണെന്നും സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാലവര്‍ഷത്തിന് മുമ്പായുള്ള പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല എന്ന പ്രസ്താവന തെറ്റാണ്. ചരിത്രത്തില്‍ ഇല്ലാത്തപോലെ 328 .16 കോടിമുടക്കി പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തികള്‍ നടത്തി.
തെറ്റായ പ്രവണതകള്‍ ഉള്ള ആരുടെയെങ്കിലും ഉപദേശം കേട്ട് തെറ്റായ പ്രസ്താവനകള്‍ നടത്തരുത്. നെടുമ്പാശ്ശേരി വിഷയം വന്നപ്പോള്‍ വി ഡി സതീശന്‍ സ്വീകരിക്കുന്ന നിലപാട് അല്ല ഹരിപ്പാട് കായംകുളം വിഷയത്തില്‍ ചെന്നിത്തല സ്വീകരിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് ഉത്തരവാദിത്തം എന്ന് മനസിലാക്കിത്തന്നെയാണ് ചെന്നിത്തല അന്ന് സര്‍ക്കാരിന് ഒപ്പം നിന്നത്. പരസ്പരം പോരാടിച്ചത് കൊണ്ട് കാര്യമില്ല. അതില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. പ്രശ്നത്തിന് പരിഹാരമാണ് കാണേണ്ടത് എന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here