Colombia: ചരിത്രനിമിഷം; സ്വതന്ത്ര കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്താവോ പെത്രോ

സ്വതന്ത്ര കൊളംബിയയുടെ(colombia) ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്താവോ പെത്രോ(Gustavo Petro) അധികാരമേറ്റു. പാര്‍ക്ക് ടെര്‍സര്‍ മിലിനിയോയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ആയിരങ്ങള്‍ സാക്ഷികളായി. വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഫ്രാന്‍സിയ മാര്‍ക്വേസ് കൊളംബിയയിലെ കറുത്തവംശജയായ ആദ്യ വൈസ് പ്രസിഡന്റാണ്.

പുതിയൊരു ജനാധിപത്യ നിര്‍മിതിയുടെ തുടക്കം. സമാധാനത്തിലും പാരിസ്ഥിതിക സാമൂഹിക നീതിയിലും ഊന്നിയാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കൊപ്പം നിലകൊള്ളും. സര്‍ക്കാര്‍ ജനങ്ങളുടെ സേവകരായിരിക്കും’– ആദ്യ അഭിസംബോധനയില്‍ അറുപത്തിരണ്ടുകാരനായ ഗുസ്താവോ പെത്രോയുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത് ഒരു ജനതയുടെ രണ്ടു നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന്റെ ചിത്രമാണ്.

212 വര്‍ഷത്തെ മധ്യ വലതുപക്ഷ സര്‍ക്കാരുകളുടെ ഭരണത്തിന് അവസാനംകുറിച്ചാണ് ഇടതുപക്ഷ സഖ്യമായ ഹിസ്റ്റോറിക്കല്‍ പാക്ട് വിജയംനേടിയത്. ജൂണില്‍ നടന്ന വോട്ടെടുപ്പില്‍ 50.8 ശതമാനം വോട്ടോടെയാണ് പെത്രോ കൊളംബിയയുടെ അറുപത്തിയൊന്നാം പ്രസിഡന്റായത്. അഴിമതിക്കേസില്‍ പ്രതിയായ അഴിമതിവിരുദ്ധ പ്രസ്ഥാന നേതാവ് റുഡോള്‍ഫ് ഹെര്‍ണാണ്ടസിനെയാണ് പെത്രോ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയത്. എഴുപതുകളില്‍ കൊളംബിയയിലെ ആഭ്യന്തര സായുധ യുദ്ധത്തില്‍ പങ്കാളിയായിരുന്ന നഗര ഗറില്ലാ സംഘം എം 19 ന്റെ ഭാഗമായിരുന്നു ഗുസ്താവോ പെത്രോ. ജനങ്ങളുടെ പട്ടിണി അകറ്റുക എന്നതാകും തന്റെ സര്‍ക്കാരിന്റെ ആദ്യ ലക്ഷ്യമെന്ന് പെത്രോ പ്രഖ്യാപിച്ചു കഴിഞ്ഞു.

സാമൂഹിക നീതിയിലും സമത്വത്തിലുമൂന്നിയ സര്‍ക്കാരിനെയാണ് ഹിസ്റ്റോറിക്കല്‍ പാക്ട് അവതരിപ്പിച്ചിരിക്കുന്നത്. എട്ടംഗ മാതൃസഭയില്‍ അഞ്ചുപേര്‍ വനിതകള്‍. നിരവധി ലോക നേതാക്കളും പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലീയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. ലാറ്റിനമേരിക്കയില്‍ ആഞ്ഞു വീശുന്ന ഇടത് തരംഗം കൊളംബിയയും കടന്ന് പ്രവഹിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here