Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്റെ ദ്രാവിഡ വേഷത്തിലൂടെ ഇന്ത്യയുടെ സംസ്കാര വൈവിധ്യത്തിനാണ് അടിവരയിടുന്നത് എന്ന് ജോൺ ബ്രിട്ടാസ് എംപി. രാജ്യത്ത് ഏകമാനമായ സംസ്കാരവും ഭാഷയും ജീവിതരീതിയും വേണമെന്ന വാദഗതി ഉയരുമ്പോഴും ബഹൂസ്വരതയ്ക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഉപരാഷ്ട്രപതിയെ ബഹുമാനിക്കണം. വെങ്കയ്യ നായിഡുവിന് രാജ്യസഭ നൽകിയ യാത്രയപ്പിൽ സിപിഐ(എം)നെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

മികച്ച രാഷ്ട്രതന്ത്രജ്ഞനും തനതും ജൈവികവുമായ ചിന്താസരണിക്ക് ഉടമയുമാണ് വെങ്കയ്യ നായിഡു. ഈ കെട്ടകാലത്ത് രാജ്യത്തിന്റെ വിവിധകോണുകളിൽ ഏകശിലാമാതൃകയിലുള്ള സംസ്കാരവും ആഹാരരീതികളും ഭാഷയും പെരുമാറ്റരീതികളും നടപ്പിലാക്കുവാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുമ്പോൾ അദ്ദേഹം രാജ്യത്തിന്റെ വൈവിധ്യത്തിനു വേണ്ടി നിലകൊണ്ടു എന്നത് പറയാതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ കറകളഞ്ഞ ദ്രാവിഡ വേഷവിധാനം തന്നെ അതിന് മകുടോദാഹരണമാണ്. വെങ്കയ്യ നായിഡു ബിജെപി പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും വച്ച് നടന്നിരുന്ന പരിപാടികളിൽ മാംസാഹാരം ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകിയിരുന്നു എന്നത് ഇന്നത്തെ തലമുറയിലെ മാധ്യമപ്രവർത്തകരെ അത്ഭുത പരതന്ത്രരാക്കുകയാണ്. ബിജെപി ഓഫീസിലെ മെനുവിൽ മാംസാഹാരം ഉണ്ടായിരുന്നു എന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല – ജോൺ ബ്രിട്ടാസ് അനുസ്മരിച്ചു.

‘രാജ്യസഭയുടെ പ്രവർത്തനങ്ങളിൽ ഇത്രത്തോളം ഇഴുകിച്ചേർന്ന് പ്രവർത്തിച്ച ഒരു ചെയർമാൻ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. അദ്ദേഹം പാർലമെന്ററി ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ടു. രാജ്യത്തെ വൈവിധ്യമാർന്ന രാഷ്ട്രീയം സംരക്ഷിക്കാൻ കുറച്ച് എംപിമാരുള്ള ചെറു പാർട്ടികളുടെ പോലും ശബ്ദം ഉയർന്ന് വരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. താൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് അംഗങ്ങൾ അദ്ദേഹത്തെ ചേമ്പറിൽ സന്ദർശിച്ചപ്പോൾ രാജ്യത്തെ ഇതിഹാസ തുല്യരായ കമ്മ്യൂണിസ്റ്റ് നേതാക്കാളായ ഭൂപേഷ് ഗുപ്ത, ഇന്ദ്രജിത്ത് ഗുപ്ത, എ.കെ. ഗോപാലൻ, സോമനാഥ് ചാറ്റർജി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ നിർലോഭം പ്രശംസിക്കുന്നതിന് സാക്ഷിയായിട്ടുണ്ട്. ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അതിജീവനവും പാർലമെന്റിലെ സജീവ പങ്കാളിത്തവും വെങ്കയ്യ നായിഡു എപ്പോഴും ആഗ്രഹിച്ചിരുന്നു. ആയിരം അമ്പലങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ സദ്ഫലം ഉണ്ടാകുന്നത് ഒരു കുട്ടിക്ക് വിദ്യാഭ്യാസം നൽകുമ്പോഴാണ് എന്ന് ഒരിക്കൽ അദ്ദേഹം ചെന്നൈയിലെ ഒരു ചടങ്ങിൽ വച്ച് തമിഴ് കവി ഭാരതിയാറെ ഉദ്ധരിച്ച് പറഞ്ഞിരുന്നു – ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

യുവസാമാജികരെ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിന്റെ അടുത്ത ദിവസം, ഉപരാഷ്ട്രപതി തന്നെ നേരിട്ട് വിളിച്ച് സംസാരിച്ചു. തന്റെ പ്രസംഗത്തെെയും അതിനു വേണ്ടി നടത്തിയ ഗൃഹപാഠത്തെയും അഭിനന്ദിച്ചു. ഈ പ്രസംഗത്തെ കുറിച്ച് ഒരു വരിപോലും റിപ്പോർട്ട് ചെയാതിരുന്ന മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം മറ്റൊരു പൊതുവേദിയിൽ വച്ച് ഉപരാഷ്ട്രപതി ഈ പ്രസംഗത്തെ പരസ്യമായി അഭിനന്ദിക്കുകയും ഉത്തരവാദപരമായ റിപ്പോർട്ടിംഗിന്റെ കാര്യത്തിൽ മാധ്യമമേഖലയിൽ ഉണ്ടായ മൂല്യച്യുതിയെ വിമർശിക്കുകയും ചെയ്ത കാര്യം ജോൺ ബ്രിട്ടാസ് അനുസ്മരിച്ചു.

വെങ്കയ്യ നായിഡുവിനെ ചരിത്രം രേഖപ്പെടുത്തുക രാജ്യത്തിന് ലഭിക്കാതെ പോയ രാഷ്ട്രപതി എന്നായിരിക്കുമെന്നും ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News