Nanjiyamma: ഞങ്ങൾക്ക് പാട്ട് പിറപ്പിലേ ഉണ്ട്; ഒരു ജീവിതത്തിൽ കേട്ട് തീരില്ല ഞങ്ങളുടെ പാട്ടുകൾ: നഞ്ചിയമ്മ

ഒരു ജീവിതത്തിൽ കേട്ട് തീരുന്നതല്ല തങ്ങളുടെ പാട്ടുകളെന്ന് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചിയമ്മ(nanjiyamma). ‘ഞങ്ങൾക്ക് പാട്ട്(song) പഠിക്കേണ്ട കാര്യമില്ല. പാട്ട് പിറപ്പിലേ ഉണ്ട്’, നഞ്ചിയമ്മ പറയുന്നു. കുയിലിനും കാക്കയ്ക്കും ഓരോ പാട്ടാണ്. ഞങ്ങൾ പിറക്കുന്നിടത്ത് ആയിരം മരങ്ങളും കിളികളുമുണ്ടെന്നും കിളികൾക്ക് ആയിരം പാട്ടാണെന്നും കാടിന്റെ മകൾ.

നഞ്ചിയമ്മയുടെ വക്കുകൾ

ഞങ്ങൾക്ക് പാട്ട് പഠിക്കേണ്ട കാര്യമില്ല. പാട്ട് പിറപ്പിലേ ഉണ്ട്. ഞങ്ങൾ ജനിക്കുമ്പോൾ മുതൽ പാട്ടാണ്. ഒരു ജീവിതത്തിൽ കേട്ട് തീരില്ല ഞങ്ങളുടെ പാട്ടുകൾ. ആയിരം മരങ്ങളും കിളികളുമില്ലേ ഞങ്ങൾ പിറക്കുന്നിടത്ത്‌. ആൽമരം വീശണ പോലല്ല കാട്ടുമാവ്. ഓരോന്നാണ്. കിളികൾക്ക് ആയിരം പാട്ടാണ്. ഓരോന്ന്. കുയിൽ വേറെ കാക്ക വേറെ.

ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിനിയായ നഞ്ചിയമ്മ. കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.

അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം അന്ന് തന്നെ ദശലക്ഷക്കണക്കിന് വ്യൂ ആണ് നേടിയത്.

നഞ്ചിയമ്മ തന്നെയാണ് ഈ ഗാനത്തിന്‍റെ വരികളും ചിട്ടപ്പെടുത്തിയത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ.

കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ജീവനാണ്. തലമുറകള്‍ കൈമാറി വന്ന ഈണങ്ങളാണ് നാഞ്ചിയമ്മയിലൂടെ മലയാള സിനിമയില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here