Pinarayi Vijayan: ‘സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തി’; അനുശോചിച്ച് മുഖ്യമന്ത്രി

സാര്‍വ്വദേശീയതലത്തില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കമ്മ്യൂണിറ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

കിഴക്കന്‍ ജര്‍മ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

ബാലസംഘം സ്ഥാപക സെക്രട്ടറിയും കമ്യൂണിസ്‌റ്റ് സഹയാത്രികനുമായ പി കെ കുഞ്ഞനന്തൻ നായർ (ബർലിൻ കുഞ്ഞനന്തൻ നായർ) അന്തരിച്ചു. 96 വയസായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട്‌ ആറോടെ വീട്ടിലായിരുന്നു അന്ത്യം.

1935 ൽ കല്യാശേരിയിൽ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായി. 1939 ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്‌റ്റ്‌ പാർടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയിൽ നടന്ന ഒന്നാം പാർടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1945- 46 കാലഘട്ടത്തിൽ ബോംബയിൽ രഹസ്യ പാർടി പ്രവർത്തനം നടത്തി. 1948 ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി പാർടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു.

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിനൊപ്പം നിന്നു . 57 ൽ ഇഎംഎസ്  പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ൽ റഷ്യയിൽ പോയി പാർട്ടി സ്‌കൂളിൽ നിന്ന് മാർക്‌സിസം ലെനിനിസത്തിലും രാഷ്‌ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസിൽ പങ്കെടുത്തു. 1965 ൽ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിൽ എഴുതി. ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെ ബർലിൻ കുഞ്ഞനന്തൻ നായരായി.

സിഐഎയുടെ രഹസ്യ പദ്ധതികൾ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും പുസ്‌തകം എഴുതിയതോടെ പ്രശ്‌സതനായി. ബർലിൻ മതിൽ തകർന്നതോടെ നാട്ടിലേക്ക് മടങ്ങി. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 79ാം വയസിൽ സിപിഐ എമിൽ നിന്ന് പുറത്താക്കപ്പെട്ടു. കോളങ്കട അനന്തൻ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബർ 26 ന് നാറാത്താണ്‌ ‌ ജനനം. ഭാര്യ: സരസ്വതിയമ്മ. മകൾ : ഉഷ (ബർലിൻ). മരുമകൻ: ബർണർ റിസ്‌റ്റർ. സഹോദരങ്ങൾ: മീനാക്ഷി, ജാനകി, കാർത്യായനി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here