Muhammed Riyas : പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നത് എന്തിന്: മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബിജെപിയുമായി കൈകോർത്ത് പൊതുമരാമത്ത് വകുപ്പിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടി രമേശിനെ പോലുള്ള ബിജെപി നേതാക്കൾ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് മനസിലാക്കാം. എന്നാൽ പ്രതിപക്ഷ നേതാവ് എന്തിനാണ് അത് ഏറ്റുപിടിക്കുന്നതെന്നു മനസിലാവുന്നില്ല. അദ്ദേഹം എന്തിനാണ് കേന്ദ്ര സർക്കാരിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പിനെതിരെയും മന്ത്രിക്കെതിരെ വ്യക്തിപരമായും അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി മറയേണ്ട എന്ന് കരുതിയതാണ്. എന്നാൽ അദ്ദേഹം അതിനു നിർബന്ധിതനാക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസം അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയവേ താൻ വാസ്തവം എന്ന് പലതവണ ആവർത്തിച്ച് എന്നാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ വാദം. അദ്ദേഹം അവാസ്തവം എത്ര തവണ പറയുന്നുവോ അത്രയും തവണ വസ്തുത ബോധ്യപെടുത്തൽ തന്റെ ഉത്തരവാദിത്തമാണ്. എത്രയോ മഹദ് വ്യക്തികൾ ഇരുന്ന കസേരയാണ് പ്രതിപക്ഷ നേതാവിന്റേത്. അതിന്റെ മഹത്വം മനസിലാക്കാൻ അദ്ദേഹം തയ്യാറാകണം. താൻ മാത്രം വിവരമുള്ളയാളും ബാക്കിയുള്ളവർ അല്ലാത്തവരും എന്ന നിലപാട് അദ്ദേഹം തിരുത്തണം. അദ്ദേഹം പറയുന്ന എന്തും തലകുനിച്ചു കേട്ടിരിക്കാൻ കഴിയില്ല.

മന്ത്രിയുടെ വായ്ത്താരിപോലെയല്ല എല്ലാം എന്നാണ് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്. മന്ത്രി തന്നെ പേടിപ്പിക്കേണ്ട എന്ന തരത്തിലുള്ള വാക്കുകളൊന്നും പ്രതിപക്ഷ നേതാവിന് ചേർന്നതല്ല. പല മന്ത്രിമാർക്കെതിരെയും നേരത്തെ പല തവണ അദ്ദേഹം ഇത്തരത്തിലുള്ള വാക്കുകൾ പ്രയോഗിച്ചിട്ടുണ്ട്. ഈ സമീപനത്തിൽനിന്ന് അദ്ദേഹം പുറകോട്ട് പോകണം.

നിരവധി വർഷം എംഎൽഎ ആയിരുന്നതുകൊണ്ട് മാത്രം അനുഭവം ഉണ്ടാകില്ലെന്ന് അദ്ദേഹം മനസിലാക്കണം. അതിലേറെ അനുഭവ ജ്ഞാനമുള്ളവർ പുറത്തുണ്ട്. പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്നതാണ് അനുഭവം എന്നാണു പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിച്ചിരിക്കുന്നത്. ഏതെങ്കിലും സമരത്തിൽ പങ്കെടുത്തു ജയിലിൽ കിടന്നു ഒരു ദിവസമെങ്കിലും കൊതുകുകടി ഏറ്റ അനുഭവം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. പ്രതിപക്ഷ നേതാവിന് വിമർശിക്കാം. എന്നാൽ അവാസ്തവം പറഞ്ഞാൽ വാസ്തവം ബോധ്യപ്പെടുത്താതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News