
സഖാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗം കമ്യൂണിസ്റ്റ്- ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടമെന്ന് സിപിഐഎം
കുറിപ്പ്
സഖാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗം കമ്യൂണിസ്റ്റ്- ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്. ഇടയ്ക്ക് ചില സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സിപിഐ എമ്മില്‍ നിന്നു പുറത്തായെങ്കിലും പിന്നീട് സിപിഐ എമ്മില്‍ തിരിച്ചെത്തി. മരണപ്പെടുമ്പോള്‍ സിപിഐ(എം) നാറാത്ത് ബ്രാഞ്ച് അംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാം കോണ്‍ഗ്രസില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയും കേരളത്തില്‍ നിന്നുള്ളവരില്‍ ജീവിച്ചിരുന്ന ഏക വ്യക്തിയുമായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ നടന്ന 23ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരിക അവശതകള്‍ കാരണം കഴിഞ്ഞില്ല. പാര്‍ടി കോണ്‍ഗ്രസിന്റെ ഫണ്ട് പിരിവിന് തുടക്കം കുറിച്ചത് ബര്‍ലിനായിരുന്നു.
1938ല്‍ കല്യാശേരിയില്‍ രൂപംകൊണ്ട ആദ്യ ബാലജന സംഘടനയായ ബാലഭാരതസംഘത്തിന്റെ സെക്രട്ടറിയായിരുന്നു കുഞ്ഞനന്തന്‍ നായര്‍. പ്രസിഡന്റ് ഇകെ നായനാരും. ബാലസംഘം പ്രതിനിധിയായാണ് 1943ല്‍ ബോംബെയില്‍ ചേര്‍ന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഒന്നാം കോണ്‍ഗ്രസില്‍ പങ്കെടുത്തത്. സ. പി കൃഷ്ണപിള്ള നേരിട്ട് നിര്‍ദേശിച്ചതനുസരിച്ചാണ് പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതെന്ന് കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ചിറക്കല്‍ രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി ഫെഡറേഷനിലൂടെയാണ് ദേശീയ പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും സജീവമായത്.
1939ല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ടി സെല്‍ അംഗമായി. 1945-46ല്‍ ബോംബയില്‍ രഹസ്യ പാര്‍ടി പ്രവര്‍ത്തനം നടത്തി. 1948ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മിനൊപ്പം നിന്നു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ കുത്തിത്തിരിപ്പുകള്‍ പുറത്തുകൊണ്ടുവന്ന ധീരനായ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലായിരിക്കും കുഞ്ഞനന്തന്‍ നായര്‍ ഭാവി ചരിത്രത്തില്‍ ഇടംനേടുക. 1965 മുതല്‍ ബ്ലിറ്റ്‌സ് വാരിക ലേഖകനായി ബര്‍ലിനില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സിഐഎയുടെ ഒട്ടേറെ രാജ്യാന്തര അട്ടിമറി ശ്രമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ‘പിശാചും അവന്റെ ചാട്ടുളിയും’ എന്ന കൃതി നിരവധി ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here