
ഇന്ത്യൻ കുതിപ്പ് കണ്ട ദിനരാത്രങ്ങൾക്കൊടുവിൽ കോമൺവെൽത്ത് കായികമാമാങ്കത്തിന് വർണാഭമായ സമാപ്തി.
കോമൺവെൽത്ത് രാജ്യങ്ങളിലെ കായിക പ്രതിഭകൾ മാറ്റുരച്ച 22-ാം കോമൺവെൽത്ത് ഗെയിംസിന് ബിർമിങ്ങാമിൽ തിരശ്ശീല വീണു.22 സ്വർണവും 15 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തി.
CWG 2022 ഇന്ത്യയുടെ സ്വർണ്ണ മെഡൽ ജേതാവ് പിവി സിന്ധുവും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരായിരുന്നു. അതേസമയം,കോമൺവെൽത്ത് ഗെയിംസിൽ 16 വ്യത്യസ്ത കായിക ഇനങ്ങളിലായി 200 ഓളം ഇന്ത്യൻ അത്‌ലറ്റുകളാണ് കളത്തിൽ ഇറങ്ങിയത്.
ആറ് സ്വർണമുൾപ്പെടെ 12 മെഡലുകളുമായി ഗുസ്തി മെഡൽ ചാർട്ടിൽ ഒന്നാമതെത്തിയപ്പോൾ ഭാരോദ്വഹനത്തിൽ 10 മെഡലുകളാണ് ഇന്ത്യ നേടിയത്.
മെഡൽപട്ടികയിൽ ഒരിക്കൽകൂടി ആസ്‌ട്രേലിയയുടെ മേധാവിത്വം ചോദ്യംചെയ്യാൻ ഒരു രാജ്യങ്ങൾക്കുമായില്ല. ഇഞ്ചോടിഞ്ചു പോരാട്ടവുമായി ഇത്തവണ ഇംഗ്ലീഷ് സംഘം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഓസീസ് തേരോട്ടത്തെ പിന്തള്ളാൻ അതു മതിയായിരുന്നില്ല. 67 സ്വർണവും 57 വെള്ളിയും 54 വെങ്കലവും അടക്കം 178 മെഡലുകളുമായാണ് ആസ്‌ട്രേലിയ പട്ടികയിൽ ചാംപ്യൻമാരായത്. 57 സ്വർണവും 66 വെള്ളിയും 53 വെങ്കലവുമായി 176 മെഡലുകളുമായി തൊട്ടുപിന്നിൽ തന്നെയുണ്ട് ഇംഗ്ലണ്ട്.
സ്വർണമടക്കം മെഡലുകൾ വാരിക്കൂട്ടി ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനമാണ് ഗെയിംസിൽ പുറത്തെടുത്തത്. പതിവുപോലെ ഇടിക്കൂട്ടിൽനിന്നു തന്നെയാണ് ഇത്തവണയും കൂടുതൽ സ്വർണം എത്തിയത്. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും അടക്കം 61 മെഡലുമായി കാനഡയ്ക്കു പിന്നിലാണ് ഇന്ത്യ ഇടംപിടിച്ചത്. കാനഡയ്ക്ക് 26 സ്വർണവും 32 വെള്ളിയും 34 സ്വർണവും അടക്കം 92 മെഡലാണു ലഭിച്ചത്.
2018ൽ ആസ്‌ട്രേലിയയിലെ ക്വീൻസ്ലൻഡിൽ നടന്ന 21-ാം കോമൺവെൽത്തിൽ 26 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. 15 സ്വർണവുമായി കാനഡ ഇന്ത്യയ്ക്കും പിറകിലായിരുന്നു. ഇന്ത്യ ആതിഥ്യം വഹിച്ച 2010ലെ കോമൺവെൽത്തിലാണ് ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽവേട്ട. 38 സ്വർണമടക്കം 101 മെഡലുകൾ വാരി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു ആ വർഷം.
280 കായിക ഇനങ്ങളിലായി 72 രാജ്യങ്ങളിൽനിന്നുള്ള 5,054 കായിക താരങ്ങളാണ് ഇത്തവണ കായിക മാമാങ്കത്തിൽ പങ്കെടുത്തത്. ബിർമിങ്ങാമിലെ അലക്‌സാണ്ടർ സ്റ്റേഡിയം സമാപന ചടങ്ങുകൾക്ക് വേദിയായി. സോളിഹളിലെ ഓഷ്യൻ കളർ സീൻ ബാൻഡിന്റെ മനോഹരമായ പ്രകടനത്തോടെയാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ബിർമിങ്ങാമിലെ ഡെക്‌സിസ് മിഡ്‌നൈറ്റ് റണ്ണേഴ്‌സിന്റെ സംഗീതവിരുന്ന് നടന്നു. പിന്നാലെ ലോകോത്തര പോപ് സംഗീത ബാൻഡുകളിലൊന്നായ യു.ബി40യും കായികപ്രേമികളെ ആവേശത്തിലാഴ്ത്തി.
ഗെയിംസിൽ അണിനിരന്ന 72 രാജ്യങ്ങളിലെ അത്‌ലെറ്റുകളും അലക്‌സാണ്ടർ സ്റ്റേഡിയത്തിന് ചുറ്റും നടന്നുനീങ്ങി. ടേബിൾ ടെന്നീസ് താരം ശരത് കമലും ബോക്‌സിങ് താരം നിഖാത് സരീനുമായിരുന്നു സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകർ. കണ്ണഞ്ചിപ്പിക്കുന്ന കലാനിശയ്‌ക്കൊടുവിൽ 11 ദിനരാത്രങ്ങൾ നീണ്ടുനിന്ന കായിക മാമാങ്കത്തിന് ഔദ്യോഗികമായി തിരശ്ശീല വീണു. 2026ൽ ആസ്‌ട്രേലിയയിലെ ഹാമിൽടണിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here