
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ 2021-2022 സീസണിലെ മികച്ച താരങ്ങൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ സുനിൽ ഛേത്രിയെയും (Sunil Chhetri) മികച്ച വനിതാ താരമായി മനീഷ കല്യാണിനെയും (Manisha Kalyan) തിരഞ്ഞെടുത്തു.
ദേശീയ ടീം പരിശീലകരായ തോമസ് ഡെന്നെർബിയും ഇഗോർ സ്റ്റിമാച്ചുമാണ് താരങ്ങളെ നിർദേശിച്ചത്. സുനിൽ ഛേത്രിയുടെ ഏഴാം എ.ഐ.എഫ്.എഫ് പുരസ്‌കാരമാണിത്. 2018-2019 സീസണിലാണ് ഛേത്രി മികച്ച താരത്തിനുള്ള പുരസ്‌കാരം അവസാനമായി നേടിയത്.
മനീഷ തുടർച്ചയായ രണ്ടാം വർഷവും അവാർഡ് നേടി. കഴിഞ്ഞ സീസണിലും മനീഷയായിരുന്നു മികച്ച താരം. ഇന്ത്യൻ കുപ്പായത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മനീഷ സൈപ്രസ് ഫുട്‌ബോൾ ലീഗിൽ കളിക്കുകയാണ്. സൈപ്രസ് ഫുട്‌ബോൾ ലീഗ് ചാമ്പ്യന്മാരായ അപ്പോളൻ ലേഡീസിന്റെ താരമാണ് മനീഷ.
സാഫ് കപ്പിലെ തകർപ്പൻ പ്രകടനമാണ് സുനിൽ ഛേത്രിയ്ക്ക് തുണയായത്. സാഫ് കപ്പിലെ ടോപ് സ്‌കോററായ ഛേത്രി അഞ്ചുഗോളുകൾ നേടി ടൂർണമെന്റിലെ താരമായിരുന്നു. ഒപ്പം എ.എഫ്.സി. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും നേടി.
വളർന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകുന്ന എമേർജിങ് ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരം പുരുഷ വിഭാഗത്തിൽ വിക്രം പ്രതാപ് സിങ്ങും വനിതാ വിഭാഗത്തിൽ മാർട്ടീന തോക്ക്‌ഹോമും സ്വന്തമാക്കി. മികച്ച റഫറിയായി ക്രിസ്റ്റൽ ജോണിനെയും തിരഞ്ഞെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here