
വൈകുന്നേരം ചായയ്ക്കൊപ്പം മധുരമൂറും മോദകം കഴിച്ചാലോ ?
ചേരുവകൾ
അരിപ്പൊടി വറുത്തത് – 2 കപ്പ്
വെള്ളം – 3 കപ്പ് (അരിപ്പൊടിക്ക് അനുസരിച്ചു അല്പം വ്യത്യാസം വരാം)
ചിരകിയ തേങ്ങ – 1 കപ്പ്
ശർക്കര – 1/2 കപ്പ്
ചുക്കും ജീരകവും പൊടിച്ചത് – 1/4 ടീസ്പൂൺ
ഏലയ്ക്ക – 2 എണ്ണം
നെയ്യ് – 1/2 ടീസ്പൂൺ
ഉപ്പ്/ എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരിപ്പൊടി അളന്നെടുത്ത അതേ കപ്പിന് 3 കപ്പ് വെള്ളവും അല്പം ഉപ്പും നെയ്യും ചേർത്ത് തിളപ്പിക്കുക. (3 കപ്പ് വെള്ളമെടുത്തതിൽ, നിറം കിട്ടാനായി ബീറ്റ്റൂട്ട് വേവിച്ച വെള്ളം കൂടി ചേർത്ത് കൊടുത്തിട്ടുണ്ട്). വെള്ളം നന്നായി വെട്ടി തിളച്ച് വരുമ്പോൾ എടുത്ത് വച്ചിരിക്കുന്ന അരിപ്പൊടി കുറേശ്ശേ ഇട്ട് കൊടുക്കുക. ശേഷം ചെറു തീയിലിട്ട് ഒരു 5 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കാം. വെള്ളം എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷം തീ അണച്ച് അടച്ചു മാറ്റി വയ്ക്കാം.
ഇനി ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കി അതിലേക്ക് തേങ്ങ ചേർത്ത് ഇളക്കി കൊടുക്കാം. പച്ചമണം മാറുമ്പോൾ ശർക്കര ഉരുക്കിയത് ചേർത്ത് നന്നായി ഇളക്കാം. അല്പം നനവുള്ളപ്പോൾ ചുക്കും ജീരകം പൊടിച്ചതും ഏലയ്ക്കാ ചതച്ചതും ചേർത്ത് മിശ്രിതം ഒന്ന് തോർത്തി എടുത്തു മാറ്റി വയ്ക്കാം.
കൈ നനച്ച് കൊടുത്ത് കൊണ്ട് മാവ് നന്നായി കുഴച്ചെടുക്കാം. 5 മിനിറ്റ് നന്നായി കുഴച്ച്, ഉരുളകൾ ആക്കി അടച്ചു വയ്ക്കാം.
ശേഷം ചപ്പാത്തി പലകയിൽ അല്പം എണ്ണ തടവി ഓരോ ഉരുളകൾ അരിപ്പൊടിയിൽ മുക്കി കനം കുറച്ച് പരത്തി എടുക്കണം. ഇനി അധികം വ്യത്യാസമില്ലാത്ത 2 പാത്രങ്ങൾ ഉപയോഗിച്ച് വൃത്താകൃതിയിൽ മുറിച്ചെടുക്കുക. ശേഷം വലിയ വൃത്തത്തിന്റെ മധ്യത്തിൽ ചെറിയ വൃത്തത്തിന്റെ വക്ക് വരും വിധത്തിൽ വച്ച ശേഷം തേങ്ങ മിശ്രിതം വച്ച് മടക്കി പുഷ്പത്തിന്റെ ആകൃതിയിൽ 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here