
ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. സെക്കന്‍ഡില്‍ 350 ക്യുമെക്‌സ് വെളളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇടമലയാര്‍ ഡാമില്‍ നിന്നും വെളളം ഒഴുകിയെത്തിയെങ്കിലും പെരിയാറിലെ ജലനിരപ്പില്‍ വലിയ വ്യതിയാനമുണ്ടായില്ല.
രാവിലെ 10 മണിയോടെയായിരുന്നു ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നത്. ആദ്യം 50 ക്യുമെക്‌സ് വെളളമാണ് ഒഴുക്കി വിട്ടതെങ്കിലും വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതിനാല്‍ പുറത്തേക്കൊഴുക്കി വിടുന്ന വെളളത്തിന്റെ തോത് 67 ക്യുമെക്‌സായി കൂട്ടി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തിയിരുന്നു. 169 മീറ്റര്‍ സംഭരണ ശേഷിയുളള ഡാമില്‍ അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 163 മീറ്റര്‍ കടന്നതോടെയാണ് ഡാം തുറന്നത്.വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ വൈകീട്ട് മൂന്നു മണിയോടെ ഡാമിന്റെ നാല് ഷട്ടറുകളും തുറന്ന് 350 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കി വിടുകയായിരുന്നു.രാവിലെ 6 മുതല്‍ വൈകീട്ട് 6വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുക്കി വിടുന്നതിന് കെ എസ് ഇ ബി അനുമതി നല്‍കിയിരിക്കുന്നത്.
ഇടുക്കി ഡാമിന് പിന്നാലെ ഇടമലയാറില്‍ നിന്നുളള വെളളവും ഭൂതത്താന്‍ കെട്ടിലെത്തുന്ന സാഹചര്യത്തില്‍ ആലുവ പെരിയാര്‍ തീരത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയെങ്കിലും പെരിയാറിലെ ജലനിരപ്പില്‍ സാരമായ മാറ്റം ഉണ്ടായിട്ടില്ല.രാത്രിയോടെ പെരിയാറിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയരുമെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ നിന്നുളള വെളളം ഉള്‍ക്കൊളളാന്‍ പെരിയാറിന് കഴിയുമെന്ന വിലയിരുത്തലിലാണ് ജീല്ലാ ഭരണകൂടം. നേര്യമംഗലം മുതല്‍ പെരിയാര്‍ വരെ ജലസേചന വകുപ്പ് ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. അടിയന്തരഘട്ടങ്ങളില്‍ സജ്ജമാകാന്‍ 21 അംഗ ദുരന്ത പ്രതികരണ സേനയും എറണാകുളം ജില്ലയിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here